പുതിയ പോർമുഖം തുറക്കാൻ ലബനാൻ അതിർത്തിയും
text_fieldsബൈറൂത്: ഹമാസിനെ നിശ്ശൂന്യമാക്കാനൊരുങ്ങി ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ പുതിയ പോർമുഖമാകാനൊരുങ്ങി ലബനാൻ-ഇസ്രായേൽ അതിർത്തി മേഖലകൾ.
ഗസ്സയിൽ ഹമാസിനെതിരെയെന്നപോലെ ഹിസ്ബുല്ലക്കെതിരെ ലബനാൻ അതിർത്തിയിലും ആക്രമണം തുടരുന്നുണ്ട്. അത്ര തീവ്രമല്ലാത്തതും ആൾനാശമില്ലാത്തതുമായതിനാൽ വലിയ വാർത്തയാകുന്നില്ലെന്നു മാത്രം. ഇവിടെ വീഴുന്ന ഓരോ റോക്കറ്റും ബോംബുവർഷവും ഗസ്സ സംഭവവുമായി നേരിട്ട് ബന്ധമുള്ളതാണ്. ഹമാസിന്റെ വശമുള്ള ആയുധങ്ങൾ തീരെ പ്രഹരശേഷിയില്ലാത്തതാണെങ്കിൽ ഹിസ്ബുല്ല കുറെക്കൂടി ശക്തമാണ്. ആയുധശേഷിയും മെച്ചമാണ്. പതിനായിരക്കണക്കിന് റോക്കറ്റുകളാണ് സംഘം സംഭരിച്ചിരിക്കുന്നത്.
ഇത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ആശങ്കജനകമാണ്. എവിടെ ആക്രമണമുണ്ടാകുമ്പോഴും ഇസ്രായേലിന്റെ ഒരു യുദ്ധവിമാനം സിറിയയിലേക്കു പറക്കുമെന്നപോലെ ലബനാനെയും ലക്ഷ്യമിട്ടുവരുന്നത് കാര്യങ്ങൾ കൈവിടാനിടയാക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. അതിനിടെ, ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ വീണ്ടും രംഗത്തെത്തി. ഇസ്രായേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചാൽ അധിനിവേശ സൈന്യത്തിന്റെ ശവപ്പറമ്പാവുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ അൽജസീറയോട് പറഞ്ഞു. യുദ്ധം വ്യാപിച്ചാൽ അമേരിക്കക്കും കനത്ത നഷ്ടം സംഭവിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.