യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം പിടിച്ചെടുത്ത് ഇസ്രായേൽ; 1440 കുടിയേറ്റ വീടുകൾ നിർമിക്കും
text_fieldsതെൽ അവീവ്: ഫലസ്തീനിലെയും അയൽരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ഫലസ്തീനി അഭയാർഥികൾക്ക് അവശ്യ സേവനങ്ങൾ ഏകോപിപ്പിച്ച യു.എൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേൽ അധിനിവേശ സേന പിടിച്ചെടുത്തു. അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ 1950കൾ മുതൽ പ്രവർത്തിച്ചുവരുന്ന ആസ്ഥാനമാണ് പൂർണമായി പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഇസ്രായേൽ പാർലമെന്റിൽ യു.എൻ ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി അവസാനിപ്പിച്ച് രണ്ട് പ്രമേയങ്ങൾ പാസാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ഫലസ്തീനിൽ ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലും അയൽരാജ്യങ്ങളായ ലബനാൻ, ജോർഡൻ, സിറിയ എന്നിവിടങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് അഭയാർഥികളുടെ അവശ്യ സേവനങ്ങൾ നിർവഹിച്ചുവന്ന ഏജൻസിയെയാണ് ഇതോടെ പടിക്ക് പുറത്താക്കിയത്.
ഇതോടൊപ്പം, ഫലസ്തീൻ അഭയാർഥികൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേൽ പുതിയ പ്രമേയങ്ങൾ വഴി വിലക്കി.
യു.എൻ ആസ്ഥാനം 30 ദിവസത്തിനകം ഒഴിയാൻ കഴിഞ്ഞ മേയ് 30ന് ഇസ്രായേൽ നിർദേശം നൽകിയിരുന്നു. എന്നാൽ, നേരിട്ട് നിർദേശം നൽകാതെ മാധ്യമങ്ങളിൽ മാത്രം അറിയിപ്പ് നൽകുകയായിരുന്നുവെന്ന് യു.എൻ വക്താവ് ജെനാഥൻ ഫൗളർ വിശദീകരിച്ചു. ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും ഇസ്രായേൽ തയാറാക്കിവരുകയാണ്. ലോക രാജ്യങ്ങൾ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.