മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി ഇസ്രായേൽ; കരയുദ്ധത്തിന് സജ്ജമെന്ന് ഹിസ്ബുല്ല
text_fieldsബെയ്റൂത്: ഒറ്റനാളിൽ മൂന്ന് രാജ്യങ്ങളിൽ വ്യോമാക്രമണവുമായി പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ തീക്കളി. ഗസ്സക്ക് പുറമെ ലബനാനിലും യെമനിലും വ്യാപക ബോംബിങ്ങാണ് തിങ്കളാഴ്ച പുലർച്ച ഇസ്രായേൽ നടത്തിയത്. മൂന്നിടത്തും നിരവധി പേർ കൊല്ലപ്പെട്ടു. ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കൊപ്പം ജനവാസ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചപ്പോൾ യെമനിൽ വൈദ്യുതി നിലയങ്ങൾ, തുറമുഖം എന്നിവക്ക് നേരെയായിരുന്നു ബോംബുവർഷം. ഗസ്സയിൽ നിരവധി കേന്ദ്രങ്ങളിലെ ആക്രമണങ്ങളിൽ മാധ്യമ പ്രവർത്തക വഫ ഉദൈനിയടക്കം 12 പേരുടെ മരണം സ്ഥിരീകരിച്ചു.
ലബനാനിൽ കരയുദ്ധം ഉടൻ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, കരയുദ്ധത്തെ ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും ഹസൻ നസ്റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന ടെലിവിഷൻ അഭിസംബോധനയിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നഈം ഖാസിം വ്യക്തമാക്കി. മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസൻ നസ്റുല്ലയുടെ പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നിലവിൽ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണം രൂക്ഷമായ തെക്കൻ ലബനാനിൽ സൈന്യത്തെ വിന്യസിക്കാൻ ഒരുക്കമാണെന്ന് ലബനാൻ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ ലബനാനിൽനിന്ന് വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ലബനാനിൽ ഏറ്റവുമൊടുവിലെ ആക്രമണങ്ങളിൽ മധ്യ ബെയ്റൂത്തിലെ ബഹുനില താമസ കെട്ടിടം തകർന്നു. ആക്രമണത്തിൽ ഫലസ്തീൻ വിമോചന പോപുലർ ഫ്രണ്ട് സംഘടനയിലെ മൂന്ന് പേരടക്കം നാലുപേർ കൊല്ലപ്പെട്ടു. തെക്കൻ ബെയ്റൂത്തിലെ അൽഅബ്ബാസിയ, ബെദിയാസ്, ഹാറൂഫ് എന്നിവിടങ്ങളിൽ ഇസ്രായേൽ സൈനിക റെയ്ഡുകളും നടന്നു. ഞായറാഴ്ച നൂറിലേറെ പേർ കൊല്ലപ്പെടുകയും 350ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ലബനാനിലെ ആക്രമണത്തിൽ ഹമാസ് നേതാവ് ഫതഹ് ശരീഫിനെ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ലബനാനിൽ ആക്രമണം രൂക്ഷമായതോടെ കൂട്ടപലായനം തുടരുകയാണ്. ഒരു ലക്ഷത്തോളം പേർ ഇതിനകം സിറിയയിലേക്ക് അതിർത്തി കടന്നതായി യു.എൻ അഭയാർഥി ഹൈകമീഷനർ ഫിലിപോ ഗ്രാൻഡി പറഞ്ഞു.
യെമനിൽ ഹുദൈദ, റാസൽ ഇസ്സ തുറമുഖങ്ങളോട് ചേർന്ന എണ്ണ സംഭരണികളാണ് ബോംബിങ്ങിൽ തകർക്കപ്പെട്ടത്. നാലു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ ഗസ്സയിലെ ദെയ്ർ അൽബലഹിൽ നടന്ന ആക്രമണത്തിൽ നാലു പേരുടെ മരണം ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ, ഗസ്സയിൽ ഇസ്രായേൽ കുരുതിയിൽ മരണം 41,615 ആയി. 96,359 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.