സിറിയയിലെ ഹിസ്ബുല്ല ആസ്ഥാനം ആക്രമിച്ചെന്ന് ഇസ്രായേൽ; രണ്ട് മരണം
text_fieldsജറുസലെം: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഒരു മാസത്തിലേറെയായി അയൽരാജ്യമായ ലബനാനിൽ ഹിസ്ബുല്ലക്കെതിരെ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ലക്ഷ്യങ്ങളിലേക്കുള്ള ഇസ്രായേലിന്റെ ശക്തമായ ആക്രമണമാണിത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ ശേഷി തകർക്കുകയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡമാസ്‌കസിന് തെക്ക് സയ്യിദ സെയ്‌നബ് പ്രദേശത്തിന് സമീപമായിരുന്നു ആക്രമണം. രണ്ട് ഹിസ്ബുല്ല അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടൻ ആസ്ഥാനമായ യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിച്ച സിറിയൻ വിദേശകാര്യ മന്ത്രാലയം, സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആക്രമണത്തിൽ സാരമായ നാശനഷ്ടം ഉണ്ടായെന്നും പറഞ്ഞു.
2011ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം, ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് നൂറുകണക്കിന് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.