ഫലസ്തീൻ യൂനിവേഴ്സിറ്റികളിൽ ആര് പഠിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഇസ്രായേൽ; അധ്യാപക വിസയും വെട്ടിച്ചുരുക്കി
text_fieldsവെസ്റ്റ് ബാങ്കിലെ ഫലസ്തീൻ യൂനിവേഴ്സിറ്റികളിൽ പുതിയ നിയമ നിർമാണങ്ങൾക്ക് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫലസ്തീൻ യൂനിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന വിദേശത്ത് നിന്നുള്ള അധ്യാപകരെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇസ്രായേൽ സർക്കാരിന് പ്രത്യേക അവകാശം നൽകുന്ന നിയമ നിർമാണമാണ് നടത്തുന്നത്. ഇതുപ്രകാരം ഇസ്രായേൽ മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമായിരിക്കും ഫലസ്തീൻ യൂനിവേഴ്സിറ്റികളിലേക്ക് വിദേശ അധ്യാപകരെ തെരഞ്ഞെടുക്കുക.
അധ്യാകരും ഗവേഷകരും വെസ്റ്റ് ബാങ്കിലേക്ക് വരുന്നതിന് മുമ്പ് അവരുടെ രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റിൽ അപേക്ഷ നൽകണം. ഇവർ മികച്ച അക്കാദമിക നിലവാരമുള്ളവരും ഡോക്ടറേറ്റ് നേടിയവരുമായിരിക്കണം. ഫലസ്തീൻ യൂനിവേഴ്റ്റികളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികളിൽ ഒരു വർഷം 150 പേർക്ക് മാത്രമേ വിസ ലഭിക്കൂ. അധ്യാപക വിസയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിനുപുറമെ യൂനിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന പാഠ ഭാഗങ്ങളിൽ ഇസ്രായേൽ സർക്കാരിന് കൈകടത്താം. വിദേശ വിദ്യാർഥികൾക്ക് വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ വരണമെങ്കിൽ വിസ അപേക്ഷയുടെ ഭാഗമായി ഇസ്രായേൽ കോൺസുലേറ്റിന്റെ അഭിമുഖവും പാസാകണം. കഴിഞ്ഞ മാസമാണ് ഈ ഉത്തരവുകൾ പുറത്തു വന്നത്. മെയ് മുതൽ ഇവ പ്രാബല്യത്തിലാവും.
ലക്ചറർമാരുടെയും വിദ്യാർഥികളുടെയും വിസകൾ ഒരു വർഷത്തേക്കുമാത്രം സാധുതയുള്ളതായിരിക്കും. ഇവ പുതുക്കിക്കൊണ്ടിരിക്കണം. ലക്ചറർമാർക്ക് തുടർച്ചയായി അഞ്ചുവർഷം പഠിപ്പിക്കാൻ കഴിയും. എന്നാൽ ഇസ്രായേലി ചട്ടങ്ങൾ പാലിക്കുന്നതിന് 27 മാസത്തെ അധ്യാപനത്തിനുശേഷം ഒമ്പത് മാസത്തേക്ക് അവർ രാജ്യം വിടണം. വിദേശ വിദ്യാർഥികൾക്ക് അവരുടെ ബിരുദ അല്ലെങ്കിൽ പോസ്റ്റ്-ഡോക്ടറൽ ബിരുദങ്ങൾ പൂർത്തിയാക്കാൻ നാലുവർഷം രാജ്യത്ത് താമസിക്കാം. തുടർന്ന് അവർക്ക് പോകേണ്ടിവരും.
യു.കെ, യൂറോപ്യൻ യൂനിയൻ എന്നിവയുൾപ്പെടെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദ്യാർഥികളും അക്കാദമിക് വിദഗ്ധരും പുതിയ നടപടിക്രമങ്ങളിൽ ഉൾപ്പെടും. ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടെങ്കിലും ജോർദാൻ, ഈജിപ്ത്, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കർശനമായ നിയമങ്ങൾക്ക് വിധേയമായി ഹ്രസ്വ അധ്യാപന, പഠന വിസകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഫലസ്തീൻ പ്രദേശങ്ങളിലെ എൻജിഒകളിലെ തൊഴിലാളികളുടെയും വെസ്റ്റ് ബാങ്കിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെയും ബിസിനസ്സുകാരുടേയും വിസ സംബന്ധിച്ചും പുതിയ നിയമങ്ങൾ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.