ഇസ്രായേലിൽ ഭരണ അസ്ഥിരത; നെതന്യാഹു സഖ്യ സർക്കാർ നിലംപതിച്ചു
text_fieldsടെൽ അവീവ്: അഭിപ്രായ ഭിന്നതയിൽ ബജറ്റ് പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്‍റസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഇതാണ് സർക്കാർ നിലംപതിക്കുന്നതിലേക്ക് വഴിവെച്ചത്.
ഒരു വർഷത്തിനിെട നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് ഇസ്രായേൽ പോകുന്നത്. 2021 മാർച്ച് 23ന് പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് പ്രധാനമന്ത്രി നെതന്യാഹു തെൻറ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്സുമായി ചേർന്ന് സഖ്യസർക്കാറിന് രൂപം നൽകുകയായിരുന്നു.
ആദ്യത്തെ ഒന്നര വർഷം നെതന്യാഹുവും തുടർന്നുള്ള ഒന്നര വർഷം ബെന്നി ഗാന്റ്സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാർ. ഇത് പ്രകാരം 2021 നവംബറിൽ ബെന്നി ഗാന്റ്സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സർക്കാർ നിലംപതിച്ചത്.
അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് വൻ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്കും പ്രസിഡന്‍റ് റുവെൻ റിവ് ലിന്‍റെ വസതിക്കും മുമ്പിൽ ജനം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ജീവിത ചെലവ് ക്രമാധീതമായി വർധിച്ചതോടെ 2011ൽ സർക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് നെതന്യാഹുവിനെതിരെ ഉള്ളത്.
കോവിഡിനെ നേരിടാൻ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാറിന് സാധിക്കാത്തത് ജനകീയ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ശക്തിപ്പെടാൻ കാരണമായി. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണത്തിൽ നെതന്യാഹുവിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.