കരയാക്രമണത്തിലേക്ക് ഇസ്രായേൽ; കാത്തിരിക്കുന്നതെന്ത് ?
text_fieldsഒക്ടോബർ 13നായിരുന്നു ആകാശത്തുനിന്ന് ഇസ്രായേൽ വിമാനങ്ങൾ വർഷിച്ച ലഘുലേഖകളിൽ 24 മണിക്കൂറിനകം വടക്കൻ ഗസ്സയിലെ 12 ലക്ഷത്തിലേറെ പേരും ഒന്നൊഴിയാതെ ഒഴിഞ്ഞുപോകണമെന്ന അന്ത്യശാസനമെത്തിയത്. കരയാക്രമണം തുടങ്ങാൻ പോകുന്നുവെന്നും നാശം ഏതറ്റംവരെയും സംഭവിക്കാമെന്നുമായിരുന്നു ഭീഷണി.
ഗസ്സ മുനമ്പിൽ മരണദൂതുമായി ഇസ്രായേലി വിമാനങ്ങൾ തുടരുന്ന നിരന്തര യാത്ര അതിന്റെ അവസാന മുഹൂർത്തത്തിലേക്കെന്ന സൂചനകൾ പലവട്ടം വന്നിട്ടും കരയാക്രമണം എന്തുകൊണ്ട് വൈകിയെന്ന ചോദ്യം സ്വാഭാവികം.
ഇസ്രായേലിനു മുന്നിൽ ഹമാസ് അക്ഷരാർഥത്തിൽ ദുർബലരാണ്. ലക്ഷക്കണക്കിന് സൈനികരോട് എതിരിടാൻ പരമാവധി 60,000 ആണ് ഹമാസ് സായുധപോരാളികളുടെ എണ്ണം. അവരുടെ വശം ടാങ്കുകളോ ഉഗ്രപ്രഹരശേഷിയുള്ള ആയുധങ്ങളോ ഇല്ല. പിന്തുണക്കാൻ വൻശക്തികളുമില്ല. ഉപയോഗിച്ചുവന്ന റോക്കറ്റുകൾ ഇസ്രായേലിന് സ്വന്തം സംവിധാനങ്ങളുപയോഗിച്ച് അനായാസം തീർക്കാവുന്നവ. എന്നിട്ടും, കരയാക്രമണത്തിന് തിടുക്കംകാണിക്കാൻ ഇസ്രായേലിന് സാധ്യമല്ലെന്ന് നിരീക്ഷകർ പറയുന്നു.
ഹമാസ് പോരാളികളെയും സിവിലിയന്മാരെയും തിരിച്ചറിയാനാകാത്തതുതന്നെ ഒരു പ്രശ്നം. വൻതോതിൽ ആൾനാശമായിരിക്കും ഇതിന്റെ ഏറ്റവും വലിയ ദുരന്തം. 2014ൽ ഹമാസിനെ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയുമായി നടത്തിയ കരയാക്രമണം വലിയ തിരിച്ചടികളാണ് ഇസ്രായേലിന് സമ്മാനിച്ചിരുന്നത്. അതിലേറെ വലിയ ഭീഷണിയായി ഹമാസിന്റെ വശമുള്ള 150ഓളം ഇസ്രായേലി ബന്ദികളുമുണ്ട്.
ഇവരെ എവിടെ ഒളിപ്പിച്ചുവെന്ന് ഇനിയും ഇസ്രായേലിന് വ്യക്തമല്ല. കരയാക്രമണത്തിനിടെ അത്രയും പേരുടെ മരണം സംഭവിച്ചാൽ ഫലസ്തീനി സിവിലിയന്മാരുടെ കുരുതിയെക്കാൾ വലുതാകും നേരിടേണ്ടിവരുന്ന എതിർപ്പ്. ഇസ്രായേൽ നടത്തുന്നത് മനഃശാസ്ത്ര യുദ്ധമാണെന്ന ഹമാസ് മറുപടികൂടി ഇതോടു ചേർത്തുവായിക്കണം.
വെള്ളവും വൈദ്യുതിയും നിഷേധിച്ചും അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ടുതകർത്തും അപായമുനയിൽ നിന്ന ഗസ്സക്കാരിൽ കുറെ പേർ വടക്കൻ ഗസ്സയിൽനിന്ന് നാടുവിട്ടിട്ടുണ്ട്. അവശേഷിച്ചവർ ഇപ്പോഴും വടക്കൻ ഗസ്സയിൽതന്നെയാണ്, എന്തും വരട്ടെയെന്ന ആധിപിടിച്ച കാത്തിരിപ്പുമായി.
ഇസ്രായേൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് 1948ലെ കൂട്ടപ്പലായനത്തിന്റെ തുടർച്ചയായുള്ള രണ്ടാം നഖ്ബയാണെന്ന് ഓരോ ഫലസ്തീനിയും വിശ്വസിക്കുന്നു. അതിനാൽതന്നെ, ഒരിക്കൽ പോയാൽ വടക്കൻ ഗസ്സ ഇനിയൊരിക്കൽ തിരിച്ചുവരവില്ലാത്ത നഷ്ടഭൂമിയായി അവർ കരുതുന്നു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോഴും ഒന്നും ചെയ്യാനില്ലാതെ നോക്കിനിൽക്കുന്ന മഹ്മൂദ് അബ്ബാസ് നയിക്കുന്ന ഫലസ്തീൻ അതോറിറ്റി സർക്കാറിന്റെ പകരക്കാരായി ഫലസ്തീനികൾ കണക്കാക്കുന്നവരാണ് ഹമാസ്.
പലവട്ടം ഹമാസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ഓരോ തവണയും കരുത്തുകൂട്ടിവന്നതാണ് അവരുടെ ചരിത്രം. ഇത്തവണയും ഹമാസിനെ ഇല്ലാതാക്കുന്നതിന് പകരം തങ്ങളുടെ ശക്തിപ്രകടനം മാത്രമായി ഈ ആക്രമണവും അവസാനിക്കുമെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തൽ. സമ്പൂർണമായി വടക്കൻ ഗസ്സയെ ഒഴിപ്പിക്കലും സാധ്യമായേക്കില്ല. ഇവർക്ക് പോകാൻ ഈജിപ്തിലെ സീനായ് മേഖലയാണുള്ളത്.
അവിടേക്ക് അഭയാർഥികൾ ഇനിയും വന്നാൽ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരമാകുമെന്ന് സീസി സർക്കാർ ഭയക്കുന്നു. അതിനാൽതന്നെ, റഫ അതിർത്തി ഇതിനകം അവർ അടച്ചുകഴിഞ്ഞു. എന്നുവെച്ചാൽ, ഈ 12 ലക്ഷം അഭയാർഥികൾക്ക് പോകാൻ ഇടം വേറെയില്ല.
ഇസ്രായേലിുന്റതു മാത്രമല്ല, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഓരോ ആക്രമണവും മേഖലക്ക് നന്നായറിയാം. 2003ലെ ഇറാഖ് അധിനിവേശം മുതൽ അത് തുടങ്ങിയതാണ്. സിറിയ, ഇറാഖ്, യമൻ, സുഡാൻ, ലിബിയ എന്നിവയെല്ലാം തകർന്നുതരിപ്പണമായി കിടക്കുന്നു.
ഈജിപ്ത്, ജോർഡൻ, തുനീഷ്യ എന്നിവയും മഹാദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ പുതിയ ഒരു കരയാക്രമണംകൂടി ഒരുങ്ങുമ്പോൾ അത് എന്തിനാണെന്ന് മേഖലയിലുള്ള മറ്റുള്ളവർക്കും അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.