ഗസ്സയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കില്ലെന്ന് ഇസ്രായേൽ സുപ്രീം കോടതി: ‘സൈനികരുടെ ജീവൻ അപകടത്തിലാക്കും’
text_fieldsഗസ്സ: സ്വതന്ത്ര മാധ്യമ പ്രവർത്തനം ഗസ്സയിൽ അനുവദിക്കാനാവില്ലെന്ന് ഇസ്രായേൽ സുപ്രീം കോടതി. മൂന്നുമാസത്തിലേറെയായി ഇസ്രായേൽ സർവനാശം വിതക്കുന്ന ഗസ്സ മുനമ്പിൽ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായ പ്രവേശനം അനുവദിക്കണമെന്ന അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ ആവശ്യം തള്ളിയാണ് ഇസ്രായേൽ സുപ്രീം കോടതിയുടെ നിരീക്ഷണം. മാധ്യമപ്രവർത്തകർ സ്വതന്ത്രമായി സഞ്ചരിക്കുന്നത് ഗസ്സയിലെ ഇസ്രായേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കിനെ ന്യായീകരിച്ചത്.
ഒക്‌ടോബർ 7 ന് യുദ്ധം ആരംഭിച്ച ശേഷം മാധ്യമപ്രവർത്തകർ ഗസ്സയിൽ പ്രവേശിക്കുന്നതും സ്വതന്ത്രമായി യാത്ര ചെയ്യുന്നതും ഇസ്രായേൽ വിലക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയത് ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഗസ്സയിൽനിന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തന വിശദാംശങ്ങൾ പുറത്തറിയുമെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
എന്നാൽ, വിധിയിൽ നിരാശയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ പ്രതിനിധിയായി കോടതിയെ സമീപിച്ച ജറൂസലം ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്.പി.എ) പ്രതികരിച്ചു. 95 ദിവസം തുടർച്ചയായി സ്വതന്ത്ര വിദേശ മാധ്യമപ്രവർത്തകർക്ക് ഗസ്സയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഇസ്രായേൽ നടപടി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നതാണെന്നും എഫ്.പി.എ പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിനും സുരക്ഷക്കും ഇടയിൽ സന്തുലിതാവസ്ഥ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു കോടതിയുടെ വിശദീകരണം. ഇസ്രായേൽ സൈനിക അകമ്പടിയോടെ വിദേശ, ഇസ്രായേലി മാധ്യമപ്രവർത്തകർക്ക് ഗസ്സയിലേക്ക് പരിമിതമായ പ്രവേശനം അനുവദിച്ച കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.
എന്നാൽ, സൈനിക അകമ്പടിയിലുള്ള പ്രവേശനം തിരഞ്ഞെടുക്കപ്പെട്ട വിദേശ മാധ്യമങ്ങൾക്ക് മാത്രമാണെന്നും അവരെ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുന്നുള്ളൂ എന്നും ഫോറിൻ പ്രസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഫലസ്തീൻ മാധ്യമപ്രവർത്തകർ ഗസ്സയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, അപ്പോഴില്ലാത്ത സുരക്ഷാ ആശങ്ക വിദേശമാധ്യമപ്രവർത്തകരെ അനുവദിക്കുന്ന കാര്യത്തിൽ പറയുന്നത് വിശ്വസനീയമല്ലെന്ന് അഭിപ്രായപ്പെട്ടു. ഗസ്സയിൽ സൈനികസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ സ്ഥിതിവിവരങ്ങൾ പുറത്തറിയിക്കാൻ വിദേശ മാധ്യമങ്ങൾ പ്രവേശിക്കേണ്ടത് അത്യാവശ്യമാണെന്നും എഫ്.പി.എ വ്യക്തമാക്കി.
അതിനിടെ, ഗസ്സയിൽ ഇതുവരെ 79 മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊലപ്പെടുത്തിയത് സംബന്ധിച്ച് അന്താരാഷ്ട്ര കോടതി അന്വേഷണം ആരംഭിച്ചു. ഫലസ്തീനിലെ സ്ഥിതിഗതികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങളും പരിശോധിച്ച് വരികയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ ഉദ്ധരിച്ച് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) ആണ് വ്യക്തമാക്കിയത്.
ഗസ്സയിലെ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച് ആർ.എസ്.എഫ് രണ്ട് പരാതികൾ അന്താരാഷ്ട്ര കോടതിക്ക് നൽകിയിരുന്നതായി സെക്രട്ടറി ജനറൽ ക്രിസ്റ്റോഫ് ഡെലോയർ പറഞ്ഞു. അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹും (27) സഹപ്രവർത്തകൻ മുസ്തഫ തുറായയും ആണ് ഏറ്റവും ഒടുവിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.