ഗസ്സയെ രണ്ടായി വിഭജിച്ച നെറ്റ്സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി; വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ ഒഴുക്ക്
text_fieldsഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ട നിബന്ധനകളിൽ പ്രധാനമായ നെറ്റ്‌സരിം ഇടനാഴിയിൽ നിന്ന് സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇസ്രായേൽ. ഗസ്സ മുനമ്പിനെ വടക്കും തെക്കുമായി വെട്ടിമുറിച്ച് ഇസ്രായേൽ സൈന്യം സൃഷ്ടിച്ച സൈനിക ഇടനാഴിയാണ് നെറ്റ്‌സരിം. ഇവിടെ നിന്നുള്ള സൈനിക പിൻമാറ്റം ഇരു പക്ഷത്തെയും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായേൽ സൈന്യം തങ്ങളുടെ സൈനിക പോസ്റ്റുകളും മറ്റ് സംവിധാനങ്ങളും നീക്കിയെന്നും സ്വലാഹുദ്ദീൻ റോഡിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ടാങ്കുകൾ പൂർണമായും പിൻവലിച്ചുവെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.
ജനുവരി 19ലെ ഇസ്രായേൽ ഹമാസ് വെടിനിർത്തൽ കരാറിന് അനുസൃതമായാണ് ഇസ്രായേൽ പിൻവാങ്ങൽ. കരാറിന്റെ ഭാഗമായി 16 ഇസ്രായേലി ബന്ദികളേയും 566 ഫലസ്തീൻ തടവുകാരെയും ഇതുവരെ മോചിപ്പിച്ചു. മൂന്നാഴ്ചക്കുള്ളിൽ വെടിനിർത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോഴേക്കും 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സൈനിക പിൻമാറ്റം പൂർത്തിയായതോടെ മെത്തകളും മറ്റു വീട്ടുപകരണങ്ങളും കയറ്റി കാറുകളിലും വണ്ടികളിലുമായി നൂറുകണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ തുടങ്ങി. കൂടുതലും തങ്ങളുടെ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനായി എത്തിയവരാണ്. എന്നാൽ, അവിടെ അവരെ കാത്തിരിക്കുന്നത് കൊടിയ നാശത്തിന്റെ ദൃശ്യങ്ങളായിരുന്നു.
‘ഞങ്ങൾ കണ്ടത് ഒരു വിപത്തായിരുന്നു. ഭയാനകമായ നാശമാണ്. അധിനിവേശം എല്ലാ വീടുകളും കടകളും കൃഷിയിടങ്ങളും പള്ളികളും സർവ്വകലാശാലകളും കോടതിയും തകർത്തു‘ -നെറ്റ്സരിമിന് വടക്കുള്ള അൽ മഗ്രാക്കയിലെ താമസക്കാരനായ ഒസാമ അബു കാമിൽ പറഞ്ഞു.
‘ഞങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങൾക്ക് സമീപം എനിക്കും എന്റെ കുടുംബത്തിനും ഒരു കൂടാരം കെട്ടാനൊരുങ്ങുകയാണ്. ഞങ്ങൾക്ക് അതല്ലാതെ വേറെ വഴിയില്ല’ -തെക്കൻ ഗസ്സൻ നഗരമായ ഖാൻ യൂനിസിൽ ഒരു വർഷത്തിലേറെയായി ജീവിക്കാൻ നിർബന്ധിതനായ 57 കാരൻ പറഞ്ഞു. തന്റെ തകർന്ന വീട് ആദ്യമായി കാണുകയാണെന്ന് കുടിയൊഴിപ്പിക്കപ്പെട്ട മറ്റൊരു ഫലസ്തീനിയായ മഹമൂദ് അൽ സർഹി പറഞ്ഞു. ഈ പ്രദേശം മുഴുവനും നാശത്തിലാണ്. എനിക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിലപിച്ചു.
വടക്കൻ ഗസ്സയിലെ ഏകദേശം 700,000 നിവാസികൾ യുദ്ധത്തിന്റെ തുടക്കത്തിൽ തെക്കൻ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് കരയാക്രമണം ആരംഭിക്കുന്നതിനു മുമ്പ് ഇസ്രായേൽ സൈന്യം കൂട്ട ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. അവരെ തെക്കൻ ഗസ്സയിലേക്ക് തള്ളിവിടുകയും പലായനം ചെയ്തവരിൽ പലരും പലതവണ മാറാൻ നിർബന്ധിതരാവുകയും ചെയ്തു. ഗസ്സ-ഇസ്രായേൽ അതിർത്തി മുതൽ മെഡിറ്ററേനിയൻ കടൽ വരെ നീണ്ടുകിടക്കുന്ന നെറ്റ്‌സരിം ഇടനാഴിയിലൂടെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയുകയും ചെയ്തു.
ഇടനാഴിയിൽ നിന്ന് പിൻവലിഞ്ഞതിനെ കുറിച്ച് ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘ജാഗ്രത പാലിക്കാനും സുരക്ഷക്കായി നിലവിലുള്ള ചലന മാർഗനിർദേശങ്ങൾ പാലിക്കാനും’ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചതായി ഹാരെറ്റ്സ് പത്രം പറയുന്നു. ഗസ്സ സൈനിക നടപടിയിൽ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്കായി ഇസ്രായേൽ പ്രതിനിധി സംഘം ഖത്തറിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സൈനിക പിൻമാറ്റം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.