തമ്പുകൾ തീയിടാൻ ഇസ്രായേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകൾ
text_fieldsവാഷിങ്ടൺ: ലോകത്തെ നടുക്കി തമ്പുകളിൽ ബോംബ് വർഷിച്ച് അഭയാർഥികളെ കൂട്ടക്കൊല നടത്തിയ ഇസ്രായേൽ ക്രൂരതയെ ന്യായീകരിച്ച് യു.എസ്. ലക്ഷ്മണരേഖ കടക്കുന്നതൊന്നും റഫയിൽ ഇസ്രായേൽ ചെയ്തിട്ടില്ലെന്നും അതിനാൽ യു.എസ് നയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. സ്ഥിതി കൂടുതൽ സങ്കീർണമാക്കി റഫ നഗരമധ്യത്തിൽ ഇസ്രായേൽ ടാങ്കുകൾ കടന്നുകയറിയതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇസ്രായേലിനെ ന്യായീകരിച്ച് കിർബി എത്തിയത്.
ഗസ്സയിലെ ജനസാന്ദ്ര മേഖലകളിൽ ഇസ്രായേൽ കരസേന എത്തിയാൽ ആയുധങ്ങൾ വെട്ടിക്കുറക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. ആയുധം നൽകുന്നത് ഇനിയും തുടരുമെന്ന് സൂചന നൽകിയാണ് വൈറ്റ് ഹൗസ് വിശദീകരണം. റഫയിൽ കഴിഞ്ഞ ദിവസം നടന്ന സമാനതകളില്ലാത്ത ക്രൂരതയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെ കൂടുതൽ സൈനികരെയും വഹിച്ച് ടാങ്കുകളും റഫയിൽ നിരന്നിട്ടുണ്ട്.
അതിനിടെ, റഫയിൽ അഭയാർഥികളെ കൂട്ടക്കുരുതി നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകളെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ നിർമിത ജി.ബി.യു-39 ബോംബുകളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആളപായം കുറക്കുമെന്ന വിശദീകരണവുമായാണ് ഇസ്രായേലിന് ഈ ബോംബുകൾ കൈമാറിയതെങ്കിലും റഫയിലെ കുവൈത്തി അൽസലാം കാമ്പ് ഒന്നിൽ നിരപരാധികളായ 45 പേരാണ് കുരുതിക്കിരയായത്. 240ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.