ഗസ്സയിൽ നടക്കുന്ന യുദ്ധം മേഖലയിൽ മുഴുവൻ വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത് -ഉർദുഗാൻ
text_fieldsഅങ്കാര: ഗസ്സയിൽ നടക്കുന്ന യുദ്ധം മേഖലയിൽ മുഴുവൻ വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ. വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് ഇസ്രായേലിന് ആഗ്രഹമില്ലെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ഉർദുഗാൻ ഇക്കാര്യം പറഞ്ഞത്.
വെടിനിർത്തൽ കരാറിലെത്താനുള്ള താൽപര്യമില്ലായ്മ ബിന്യമിൻ നെതന്യാഹു പ്രകടിപ്പിക്കുകയാണെന്ന് ഉർദുഗാൻ പറഞ്ഞു. യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു നടത്തിയ പ്രസംഗം തുർക്കിയക്കും ലോകത്തിനും നിരാശ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ വധിച്ചത് വെടിനിർത്തൽ ചർച്ചകൾക്ക് കനത്ത തിരിച്ചടിയാണ്. നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉർദുഗാൻ അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇസ്രയേലി ചാര സംഘടനയായ മൊസാദിനുള്ളിൽ അതി വിപുല ബന്ധങ്ങളുള്ള മാധ്യമപ്രവർത്തകൻ റോനെൻ ബർഗ്മാന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ന്യൂയോർക് ടൈംസ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ടു.
ബർഗ്മാന്റെ റിപ്പോർട്ട് പ്രകാരം തെഹ്റാനിൽ ഹനിയ്യ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്ഫോടനമാണ് മരണകാരണം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയിൽ ബോംബ് സ്ഥാപിച്ചിരുന്നു. വടക്കൻ തെഹ്റാനിലെ സമ്പന്ന വാസമേഖലയിലുള്ള നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗെസ്റ്റ് ഹൗസ് റെവല്യുഷണി ഗാർഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയിൽ സ്ഥാപിച്ച ബോംബ് റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് പൊട്ടിച്ചതത്രെ. ദോഹയിൽ താമസിക്കുന്ന ഹനിയ്യ തെഹ്റാനിലെത്തുമ്പോൾ സ്ഥിരമായി ഈ ഗെസ്റ്റ് ഹൗസിലെ മുറിയിലാണ് പാർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.