വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ ഒഴിയണമെന്ന് വീണ്ടും ഇസ്രായേൽ മുന്നറിയിപ്പ്
text_fieldsഗസ്സ സിറ്റി: വീടും ഉറ്റവരെയും നഷ്ടപ്പെട്ട് പട്ടിണിയിൽ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സേന. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലക്ഷക്കണക്കിനാളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി.
ഗസ്സ സിറ്റി മുതൽ ദക്ഷിണ, മധ്യ ഗസ്സ മുനമ്പിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ലഘുലേഖകളാണ് ഇസ്രായേൽ സേന വിതരണം ചെയ്തത്. അപകടകരമായ യുദ്ധമേഖലയിൽനിന്ന് സുരക്ഷിതമായ ദേർ അൽബലാഹ് ഉൾപ്പെടെ പ്രദേശങ്ങളിലേക്ക് പോകണമെന്നും യുദ്ധ വിമാനത്തിൽനിന്ന് വിതരണം ചെയ്ത ലഘുലേഖയിൽ പറഞ്ഞു.
ഗസ്സയിൽ അധിനിവേശ സേന ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഇസ്രായേലിന്റെ പുതിയ നീക്കം മൂന്ന് ലക്ഷം പേരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഗസ്സ സിറ്റിയിലെ ശുജയ്യയിൽ രണ്ടാഴ്ചയോളം നീണ്ട ആക്രമണത്തിൽ നിരവധി പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രായേൽ സേന തൊട്ടടുത്ത നഗരമായ താൽ അൽഹവയിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒമ്പത് മാസം പൂർത്തിയായ ഗസ്സ ആക്രമണത്തിൽ 38,345 പേർ ഇതിനകം കൊല്ലപ്പെട്ടു.
അതിനിടെ, ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. കാര്യങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. ഇരു വിഭാഗവും തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ ഭിന്നത കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.