ബന്ദി മോചനം രണ്ടുമാസ വെടിനിർത്തൽ പദ്ധതിയുമായി ഇസ്രായേൽ
text_fieldsതെൽഅവീവ്: ഹമാസിനെതിരെയെന്ന പേരിൽ ഗസ്സയിൽ തുടരുന്ന കുരുതി അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കാൻ സമ്മർദവുമായി ഇസ്രായേൽ. രണ്ടുമാസ വെടിനിർത്തൽ നടപ്പാക്കി ബന്ദികളെ പൂർണമായി മോചിപ്പിക്കാനുള്ള നീക്കത്തിനാണ് അണിയറയിൽ ഇസ്രായേൽ തിരക്കിട്ട നീക്കങ്ങൾ തുടരുന്നത്. ഖത്തർ, ഈജിപ്ത് പ്രതിനിധികൾ വഴി നിർദേശം ഹമാസിന് മുന്നിൽ വെച്ചതായി ഇസ്രായേൽ സൈനികരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
എല്ലാ ബന്ദികളെയും വിട്ടയച്ചാൽ രണ്ടുമാസം വെടിനിർത്തൽ നടപ്പാക്കാമെന്നാണ് വാഗ്ദാനം. മൂന്നോ നാലോ ഘട്ടങ്ങളിലായാണ് ബന്ദി മോചനം പദ്ധതിയിടുന്നത്. യുദ്ധം അവസാനിപ്പിക്കാതെ ഗസ്സയുടെ ചില മേഖലകളിൽനിന്ന് ഇസ്രായേൽ സൈനിക പിന്മാറ്റവും ഇതിന്റെ ഭാഗമായി നടക്കും. വിഷയം ചർച്ച ചെയ്യാനും അന്തിമരൂപം നൽകാനും വൈറ്റ് ഹൗസ് മധ്യേഷ്യ കോഓഡിനേറ്റർ ബ്രറ്റ് മക്ഗർക്ക് കൈറോയിലുണ്ട്. തുടർ ചർച്ചകൾക്കായി അദ്ദേഹം ഖത്തറിലേക്ക് പറക്കും.
ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, 60ന് മുകളിൽ പ്രായമുള്ളവർ എന്നിവരുടെ മോചനം വേണമെന്നാണ് ഇസ്രായേൽ ആവശ്യം. പിറകെ വനിത പട്ടാളക്കാർ, പുരുഷ സിവിലിയന്മാർ എന്നിവരെയും വിട്ടയക്കണം. അവസാന ഘട്ടത്തിൽ പുരുഷ സൈനികരെയും ഇതിനകം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിട്ടുനൽകണം. പകരം, ഇസ്രായേൽ സൈനികർ പിന്മാറി ഫലസ്തീനികൾക്ക് തിരിച്ചുവരാൻ അവസരമൊരുക്കും. ഇത്രയുമാണ് ഇസ്രായേൽ പദ്ധതികളെങ്കിൽ ഹമാസ് ചോദിക്കുന്നതെന്തെല്ലാമെന്ന് അറിയാനാണ് യു.എസും ഇസ്രായേലും കാത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബന്ദികളുടെ മോചനത്തിന് ഇസ്രായേൽ സമ്മർദം അതിശക്തമാണ്. ഗസ്സയിലുടനീളം ഓരോ നാളും തുടരുന്ന ആക്രമണങ്ങളിൽ കൂടുതൽ ബന്ദികൾ കൊല്ലപ്പെടുന്നതായി ബന്ധുക്കൾ ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം നിരവധി പേർ ഇതേ പ്രശ്നമുന്നയിച്ച് ഇസ്രായേൽ പാർലമെന്റിലേക്ക് ഇരച്ചുകയറിയിരുന്നു. കഴിഞ്ഞ നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ 100 ബന്ദികളെയും 240 ഫലസ്തീനികളെയും വിട്ടയച്ചശേഷം വെടിനിർത്തൽ ചർച്ചകൾ കാര്യമായി മുന്നോട്ടുപോയിട്ടില്ല. പൂർണമായി ഹമാസ് മുക്തമാക്കുംവരെ ഗസ്സയിൽ ആക്രമണം തുടരുമെന്ന് ബിന്യമിൻ നെതന്യാഹു ചൊവ്വാഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ ലക്ഷങ്ങളെ കൊടുംപട്ടിണിയിലാക്കിയ സാഹചര്യത്തിൽ കൂടുതൽ സഹായമെത്തിക്കാനുള്ള നടപടികൾ ഐക്യരാഷ്ട്ര രക്ഷാസമിതി ചർച്ച ചെയ്യും. 23 ലക്ഷം ജനസംഖ്യയിൽ മഹാഭൂരിപക്ഷവും ഭവനരഹിതരായ ഗസ്സയിൽ സഹായമെത്തിക്കാനുള്ള വഴികൾ ഇസ്രായേൽ അടച്ചത് പട്ടിണിയും രോഗങ്ങളും വ്യാപകമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.