പന്തുകളിക്കിടെ കുഞ്ഞുങ്ങളടക്കം 31പേരുടെ ചുടുചോര ചിന്തി ഇസ്രായേൽ; ഭീകരദൃശ്യങ്ങൾ പുറത്ത്
text_fieldsഗസ്സ: ഇസ്രായേലിക്രൂരതയുടെ ചരിത്രത്തിൽ കുഞ്ഞുങ്ങളുടെ ചോരയാൽ എഴുതപ്പെട്ട മറ്റൊരുദിനമായിരുന്നു ഇന്നലെ. മാതാപിതാക്കളും സഹോദരങ്ങളുമടക്കം ഉറ്റവരെയും ഉടയവരെയും ഇസ്രായേൽ കൊന്നൊടുക്കിയതിന്റെ നീറ്റുന്ന വേദന കടിച്ചമർത്തുന്നവരെയാണ് അഭയാർഥി ക്യാമ്പിലെ മുറ്റത്ത് അറുകൊലചെയ്തത്. ഫുട്ബാൾ കളിക്കുകയായിരുന്ന കുഞ്ഞുങ്ങളും അത് കണ്ടുകൊണ്ടിരുന്ന മുതിർന്നവരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇസ്രായേൽ സേന വീടുകൾ തകർത്തതിനെ തുടർന്ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് സമീപം അബ്ബാസൻ പട്ടണത്തിലെ അൽ-അവ്ദ സ്‌കൂളിൽ അഭയം പ്രാപിച്ചവരായിരുന്നു ഇവർ. സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടെ 31 പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ആകാശത്ത് നിന്ന് ബോംബിട്ട് കൊലപ്പെടുത്തിയത്. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാെണന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫുട്ബാൾ കളി കാണികളിലൊരാൾ മൊബൈലിൽ പകർത്തുന്നതിനിടെയായിരുന്നു ഇസ്രായേലിന്റെ ഭീകരാക്രമണം. കളിമുറ്റം പൊടുന്നനെ മരണക്കളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. കുഞ്ഞുങ്ങളും സ്ത്രീകളും മരണവേദനയാൽ നിലവിളിക്കുന്നതും കുഞ്ഞുശരീരങ്ങൾ മുറ്റത്താകെ ചിതറിക്കിടക്കുന്നതും ഇതിലുണ്ട്. നൂറുകണക്കിന് സാധാരണക്കാർ കൂട്ടംകൂടിയിരിക്കുന്നതിനിടെയാണ് എല്ലാവരും നോക്കിനിൽക്കെ അത്യുഗ്രശബ്ദത്തിൽ സ്ഫോടനം നടക്കുന്നത്.
ആക്രമണത്തിൽ തന്റെ നിരവധി ബന്ധുക്കളെ നഷ്ടപ്പെട്ടതായി ഒരു ഫലസ്തീൻ ബാലൻ ‘അൽ ജസീറ’ ചാനലിനോട് പറഞ്ഞു. "ഞങ്ങൾ അവിടെ ഇരിക്കുകയായിരുന്നു. ഒരു മിസൈൽ പതിച്ചതോടെ എല്ലാം അവസാനിച്ചു. എനിക്ക് എന്റെ അമ്മാവനെയും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ടു’ -അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.
അൽ-അവ്ദ സ്കൂൾ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞനായ ജോസെപ് ബോറെൽ അപലപിച്ചു. യുദ്ധത്തിന്റെ ഭാരം നിരപരാധികളായ സാധാരണക്കാർ എത്രകാലമെന്ന് കരുതിയാണ് സഹിക്കുകയെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു. നൂറുകണക്കിന് മനുഷ്യർക്ക് ആശ്വാസം നൽകാനും ബന്ദികളെ മോചിപ്പിക്കാനും മാനുഷിക സഹായം ലഭ്യമാക്കാനും വെടിനിർത്തൽ ഉടനടി നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ-അവ്ദ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം സയണിസ്റ്റ് ഭീകര ഗവൺമെൻ്റ് ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന ഉന്മൂലന യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ തെളിവാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുരുതി. സ്കൂൾ ആക്രമണത്തിന് പിന്നാലെ ബുധനാഴ്ച പുലർച്ച ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലാഹിൽ ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉൾപ്പെട്ട അഭയാർഥി ക്യാമ്പുകളിലായിരുന്നു ബോംബുവർഷം.
വ്യോമാക്രമണത്തിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ മൂന്ന് വീടുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടതായി അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രി അധികൃതർ പറഞ്ഞു. മറ്റൊരു ആക്രമണത്തിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
ഒമ്പത് മാസത്തിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 38,200ലധികം പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ തിങ്ങിപ്പാർക്കുന്നു.
ഒമ്പത് മാസത്തിനിടെ, ഇസ്രായേൽ സൈന്യം എട്ട് ആശുപത്രികളെങ്കിലും ആക്രമിച്ചു. ഇത് നിരവധി രോഗികളുടെയും മെഡിക്കൽ ജീവനക്കാരുടെയും മരണത്തിന് കാരണമായി. കെട്ടിടങ്ങളും ഉപകരണങ്ങളും നാമാവശേഷമാവുകയും ചെയ്തു. ഗസ്സയിലെ 36 ആശുപത്രികളിൽ 13 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയുടെ പ്രവർത്തനം ഭാഗികമാണെന്നും ഗസ്സയിലെ യു.എൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഖാൻ യൂനിസിലെ മൂന്ന് ആശുപത്രികളും അടച്ചിട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.