ജറൂസലം രൂപതയുടെ ആശുപത്രി ഇസ്രായേൽ ബോംബിട്ട് തകർത്തു; ആക്രമണം ഓശാന ഞായർ ദിവസം
text_fieldsഗസ്സ സിറ്റി: ഗസ്സ സിറ്റിയിലെ ഏക ആശുപത്രി ഇസ്രായേൽ വ്യോമാക്രമണം നടത്തി തകർത്തു. ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഓശാന ഞായറാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സർജറി, ഫാർമസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയവും ദൃക്സാക്ഷികളും പറഞ്ഞു.
മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തെതുടർന്ന് ചികിത്സയിലായിരുന്ന രോഗികൾ ജീവൻ രക്ഷാർഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
നൂറിലേറെ രോഗികളെയും ഡസനിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അൽ അഹ്‍ലി ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയീം പറഞ്ഞു. ഇസ്രായേൽ സേനയുടെ മുന്നറിയിപ്പിനെതുടർന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നതിനിടെ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അൽ ഷിഫ ആശുപത്രി തകർത്തശേഷം ഗസ്സ സിറ്റിയിൽ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അൽ അഹ്‍ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇന്ന് നടന്ന ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നതായും രോഗികളെയും ജീവനക്കാരെയും നിർബന്ധിതമായി മാറ്റേണ്ടിവന്നെന്നും ഹമാസ് അറിയിച്ചു. സംഭവത്തെ സർക്കാർ മീഡിയ ഓഫിസ് അപലപിച്ചു. ആക്രമണം ഇസ്രായേലിന്റെ ഭീകരമായ കുറ്റകൃത്യമാണെന്ന് അവർ കുറ്റപ്പെടുത്തി. 18 മാസത്തിലേറെയായി ഗസ്സയിൽ തുടരുന്ന വംശഹത്യക്കിടെ നിരവധി ആശുപത്രികളും ക്ലിനിക്കുകളുമാണ് ഇസ്രായേൽ തകർത്തത്. കഴിഞ്ഞ മാസം ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ബോംബിട്ടതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗസ്സയിൽ ഇസ്രായേൽ പൂർണ്ണമായോ ഭാഗികമായോ തകർത്ത ആശുപത്രികൾ:
1. അൽ-ഷിഫ മെഡിക്കൽ കോംപ്ലക്സ്
2.നാസർ മെഡിക്കൽ കോംപ്ലക്സ്
3.അബു യൂസഫ് അൽ-നജ്ജാർ ആശുപത്രി
4.ഇന്തോനേഷ്യൻ ആശുപത്രി
5.കമാൽ അദ്‍വാൻ ആശുപത്രി
6.അൽ-അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രി
7.ബെയ്ത്ത് ഹനൂൻ ആശുപത്രി
8.അൽ-അവ്ദ ആശുപത്രി (വടക്കൻ ഗസ്സ)
9.അൽ-ഖുദ്സ് ആശുപത്രി
10.അബാസൻ (അൽജീരിയൻ) ആശുപത്രി
11.അൽ-ഹയാത്ത് ആശുപത്രി
12.അൽ-ഹലൗ ആശുപത്രി
13.സൈക്യാട്രിക് ആശുപത്രി
14.അൽ-റൻതിസി ആശുപത്രി
15.അൽ-നസർ പീഡിയാട്രിക് ആശുപത്രി
16.അൽ-ദുർറ ആശുപത്രി
17.തുർക്കിഷ് ഫ്രണ്ട്ഷിപ് ആശുപത്രി
18.ഐ ആശുപത്രി
19.അൽ-കരാമ ആശുപത്രി
20.ഫ്രണ്ട്സ് ഓഫ് ദി പേഷ്യന്റ് ആശുപത്രി
21.പബ്ലിക് സർവിസ് ആശുപത്രി
22.ദാറുസ്സലാം ആശുപത്രി
23. ജാഫ ആശുപത്രി
24. സെന്റ് ജോൺ ആശുപത്രി
25. അൽ-സഹാബ ആശുപത്രി
26. സ്പെഷ്യലൈസ്ഡ് ഐ ആശുപത്രി
27. ഹമദ് ആശുപത്രി
28. ഹൈഫ ആശുപത്രി
29. അൽ-വഫ ആശുപത്രി
30. മഹ്ദി മെറ്റേണിറ്റി ആശുപത്രി
31. ജോർദാൻ ഫീൽഡ് ആശുപത്രി
32. ഹാപ്പി യെമൻ ആശുപത്രി
33. മുസ്‍ലിം സ്പെഷ്യലൈസ്ഡ് ആശുപത്രി
34. അൽ-അമൽ (ഹോപ്പ്) ആശുപത്രി
35. കുവൈറ്റ് ആശുപത്രി
36. എമിറാത്തി ആശുപത്രി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.