ഗസ്സയിൽ ഭക്ഷണവിതരണത്തിനിടെ ഏഴു സന്നദ്ധ പ്രവർത്തകരെ ബോംബിട്ടുകൊന്ന് ഇസ്രായേൽ, കടുത്ത പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
text_fieldsഗസ്സ: കിരാതമായ ആക്രമണത്തിന്റെ കെടുതികൾ തീർത്ത ദുരന്തമുഖത്ത് സന്നദ്ധ സഹായത്തിനെത്തിയവരെ നിർദയം കൊന്നുതള്ളി ഇസ്രായേൽ. പട്ടിണി കൊണ്ടു വലയുന്ന ഫലസ്തീനിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ ‘വേൾഡ് സെൻട്രൽ കിച്ചണി’ന്റെ ഏഴു പ്രവർത്തകരെയാണ് ഇസ്രായേൽ ബോംബിട്ടുകൊന്നത്. ഇതിൽ നാലുപേർ വിദേശ പൗരന്മാരാണ്. തങ്ങളുടെ വംശജൻ ഉൾപ്പെടെ അന്താരാഷ്ട്ര സന്നദ്ധ സംഘടന പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ അമേരിക്ക അടക്കം വിദേശ രാജ്യങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിലാണ് ഇസ്രായേൽ ക്രൂരത കാട്ടിയത്. കൊല്ലപ്പെട്ടവരിൽ യു.എസ്, ആസ്ട്രേലിയ, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവരും ഫലസ്തീനികളും പെടുന്നു. ദേർ അൽ ബലാഹിലെ വെയർഹൗസിൽനിന്ന് 100 ടൺ ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്. ഇസ്രായേൽ പ്രതിരോധ സേനയുമായി ഏകോപിച്ചു പ്രവർത്തിക്കുന്നതിനിടയിലും ഇവരെ കൊന്നുതള്ളിയതോടെയാണ് ലോക രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവർഷം.
പ്രശസ്ത ഷെഫ് ജോസ് ആന്ദ്രേസിന്റെ നേതൃത്വത്തിലുള്ളതാണ് വേൾഡ് സെൻട്രൽ കിച്ചൺ എന്ന സന്നദ്ധ സംഘടന. ‘ഗസ്സയിൽ ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള മനുഷ്യത്വ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ പ്രവർത്തകരെ ഇസ്രായൽ സേന ആക്രമണത്തിൽ കൊലപ്പെടുത്തിയിരിക്കുന്നു. കടുത്ത ദുരന്തമാണിത്. മനുഷ്യത്വ സന്നദ്ധ പ്രവർത്തകരും സിവിലിയന്മാരുമൊന്നും ഒരിക്കലും ഉന്നമാകാൻ പാടില്ല, ഒരിക്കലും..’ സമൂഹ മാധ്യമമായ എക്സിൽ ഡബ്ല്യു.സി.കെ കുറിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ ടീമംഗങ്ങളുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ജോസ് ആന്ദ്രേസ്, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ തീരാനൊമ്പരങ്ങൾക്കൊപ്പമാണെന്ന് എക്സിൽ കുറിപ്പ് പങ്കുവെച്ചു.
‘ഇന്ന് ഡബ്ല്യു.സി.കെക്ക് ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നിരവധി സഹോദരങ്ങളെ നഷ്ടമായിരിക്കുന്നു. ഹൃദയം പൊട്ടിപ്പോവുകയാണ്. അവരുടെ കുടുംബങ്ങൾക്കേറ്റ തീരാസങ്കടത്തിൽ ഒപ്പം നിൽക്കുന്നു. അവർ ജനങ്ങളായിരുന്നു..ഒപ്പം മാലാഖമാരും. അവർക്കൊപ്പം യുക്രെയ്ൻ, ഗസ്സ, തുർക്കി, മൊറോക്കോ, ബഹാമാസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഞാനുണ്ടായിരുന്നു. അവർ ഒരിക്കലും മുഖമില്ലാത്തവരോ പേരില്ലാത്തവരോ അല്ല. വിവേചന രഹിതമായ ഈ ക്രൂരതകൾ ഇസ്രായേലി ഗവണ്മെന്റ് അവസാനിപ്പിക്കണം. മനുഷ്യത്വപരമായ സഹായങ്ങൾ നൽകുന്നതിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അവർ ഉടനടി നിർത്തണം. സിവിലിയന്മാരെയും സന്നദ്ധ പ്രവർത്തകരെയും കൊന്നുതള്ളുന്നത് നിർത്തണം. ഭക്ഷണം ആയുധമായി മാറ്റുന്നത് അവസാനിപ്പിക്കണം. ഇനിയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൂടാ. മനുഷ്യത്വം പങ്കുവെക്കപ്പെടുന്നതിലൂടെയാണ് സമാധാനത്തിന് തുടക്കമാവുക. ഇപ്പോൾതന്നെ അതിന് തുടക്കമിടണം’ -ജോസ് ആന്ദ്രേസിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.
സന്നദ്ധ പ്രവർത്തകരെ ബോംബിട്ട് കൊന്നതിൽ യു.എസ് പ്രതിഷേധമറിയിച്ചു. ‘ഗസ്സയിൽ വേൾഡ് സെൻട്രൽ കിച്ചൺ പ്രവർത്തകരെ കൊലപ്പെടുത്തിയെന്നത് ഹൃദയഭേദകമാണ്. അത് ഞങ്ങളെ ഏറെ അസ്വസ്ഥമാക്കുന്നു. സഹായമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കേണ്ടതാണ്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു’ -നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ ‘എക്സിൽ കുറിച്ചു.
തങ്ങളുടെ പൗരനായ സന്നദ്ധ പ്രവർത്തകൻ ലാൽസാവ്മി സോമിയുടെ വധത്തിൽ കടുത്ത പ്രതിഷേധവുമായി ആസ്ട്രേലിയയും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലുമായി ഇതേക്കുറിച്ച് സംസാരിച്ചതായും കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.