സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം; 25 മരണം
text_fieldsഡമസ്കസ്: സിറിയയിൽ ഞായറാഴ്ച രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. 43ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഹമ പ്രവിശ്യയിലെ മസ്യാഫ് മേഖലയിലുള്ള സൈനിക ഗവേഷണ കേന്ദ്രം ഉൾപ്പെടെ ലക്ഷ്യമിട്ട് വിവിധ പ്രദേശങ്ങളിലായിരുന്നു ബോംബ് വർഷം. ഹൈവേ തകരുകയും തീപിടിത്തത്തിന് ഇടയാക്കുകയും ചെയ്തതായി സിറിയൻ സർക്കാർ വാർത്ത ഏജൻസി സന അറിയിച്ചു. തീര നഗരമായ താർതൂസിനടുത്തും ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ നാലുപേർ സാധാരണക്കാരാണെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു.
ഞായറാഴ്ച രാത്രി 11.20 ഓടെ ഉത്തര പടിഞ്ഞാറൻ ലബനൻ ദിശയിൽനിന്ന് മധ്യമേഖലയിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സിറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. മിസൈലുകളിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായും അവർ വ്യക്തമാക്കി.
ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ സേന പ്രതികരിച്ചിട്ടില്ല. നേരത്തെയും സിറിയൻ സർക്കാർ നിയന്ത്രിത മേഖലയിൽ ഇസ്രായേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ, അപൂർവമായാണ് ഇസ്രായേൽ ഇക്കാര്യം സമ്മതിച്ചിട്ടുള്ളത്. സിറിയൻ സേനയെ ലക്ഷ്യമിട്ടാണ് കൂടുതൽ ആക്രമണങ്ങളും നടത്തിയത്.
സിറിയയിലൂടെയാണ് ലബനൻ ആസ്ഥാനമായ ഹിസ്ബുല്ലക്ക് ഇറാൻ ആയുധം എത്തിക്കുന്നതെന്നാണ് ഇസ്രായേലിന്റെ ആരോപണം. മസ്യാഫിലെ പ്രധാന സൈനിക ഗവേഷണ കേന്ദ്രം പലതവണ ആക്രമിക്കപ്പെട്ടതായി രണ്ട് പ്രാദേശിക രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.