ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു
text_fieldsഗസ്സ: സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കാൻ ഗസ്സയിലെത്തിയ മൂന്ന് ഇസ്രായേൽ സൈനികർ കൂടി ഹമാസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ യുദ്ധടാങ്കിന് നേരെ ഹമാസ് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈൽ പതിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്. മറ്റൊരാൾ കുത്തേറ്റും വേറൊരാൾ ഏറ്റുമുട്ടലിലുമാണ് മരിച്ചത്.
7ാം ബ്രിഗേഡിലെ 75-ാം ബറ്റാലിയൻ കമാൻഡറായ ക്യാപ്റ്റൻ എലേ എലിഷ ലുഗാസി (21)യാണ് വടക്കൻ ഗസ്സയിൽ യുദ്ധടാങ്കിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഇയാളുടെ മരണം ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ടാങ്കിലുണ്ടായിരുന്ന ഏഴാം ബ്രിഗേഡിലെ 75-ാം ബറ്റാലിയൻ അംഗങ്ങളായ മൂന്ന് സൈനികരെ പരിക്കുകളോടെ ആശുപത്രിയലേക്ക് മാറ്റി. കൊല്ലപ്പെട്ട എലേ എലിഷ ലുഗാസിക്ക് നേരത്തെ ഗസ്സയിൽവെച്ച് പരിക്കേറ്റിരുന്നുവെന്നും ആഴ്ചകളോളം വിശ്രമിച്ച ശേഷം വീണ്ടും യുദ്ധത്തിനിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നും കിര്യത് ഷ്മോന മേയർ അവിചായ് സ്റ്റെർൺ പറഞ്ഞു.
188-ാം ബ്രിഗേഡിലെ 71-ാം ബറ്റാലിയനിൽ ഡ്രൈവറായ സർജൻറ് അലക്‌സാണ്ടർ ഇക്കിമിൻസ്‌കി (19)യാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഇസ്രായേൽ സൈനികൻ. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇതേ ബറ്റാലിയനിലെ മറ്റൊരു സൈനികന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലക്‌സാണ്ടർ കൊല്ലപ്പെട്ടതെന്ന് ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗസ്സയിൽ ബുധനാഴ്ച ഹമാസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗിവാതി ബ്രിഗേഡിലെ പ്ലാറ്റൂൺ കമാൻഡറായ റോയ് മില്ലർ എന്ന സൈനികൻ കൊല്ലപ്പെട്ടത്. ഇയാളുടെ മരണവിവരം ഇസ്രായേൽ സൈന്യം ഇന്നാണ് സ്ഥിരീകരിച്ചത്. ഇതേ സംഭവത്തിൽ മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ഗസ്സയിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയ ശേഷം ഇതുവരെ 324 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.