വെറും അധിനിവേശമല്ല, മാനവരാശിക്കെതിരായ കുറ്റകൃത്യം; ഫലസ്തീനികൾക്കെതിരെ അപാർത്തീഡ്
text_fieldsന്യൂയോർക്: അധിനിവിഷ്ട ഫലസ്തീനിലും ഇസ്രായേലിനുള്ളിലുമുള്ള അറബ് വംശജരോട് ഇസ്രായേൽ ചെയ്തുകൂട്ടുന്നത് വെറും അധിനിവേശമല്ലെന്നും മുമ്പ് ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന വർണവിവേചന (അപാർത്തീഡ്) കുറ്റങ്ങളാണെന്നും ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്.
ഇസ്രായേലികളായ ജൂതവംശജർക്ക് ഫലസ്തീനികളുടെ മേൽ ആധിപത്യം ഉറപ്പാക്കുകയെന്നത് ഔദ്യോഗിക നയമായി ഇസ്രായേൽ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതിനാലാണ് ഈ അടിച്ചമർത്തലിനെ 'അപാർത്തീഡ്' എന്ന് വിശേഷിപ്പിക്കുന്നതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലി പൗരൻമാരായ അറബികൾക്കെതിരെയും ഇതേ നിലപാടാണ് അവർക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണകൂട അംഗീകാരത്തോടെയുള്ള വംശീയ വിവേചനമാണിതെന്നും മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്നും റിപ്പോർട്ട് തുറന്നടിക്കുന്നു.
ഫലസ്തീനികളെ എല്ലാ രൂപത്തിലും രണ്ടാംതരം പൗരൻമാരാക്കി മാറ്റാനുള്ള നയങ്ങളും നടപടികളും ഔദ്യോഗികതലത്തിൽ നടപ്പാക്കുന്ന ഇസ്രായേലിെൻറ കുറ്റകൃത്യങ്ങൾ ഈ രൂപത്തിൽ തന്നെ അന്താരാഷ്ട്രസമൂഹം മനസ്സിലാക്കണം.
''ഈ പ്രദേശങ്ങളിലെല്ലാം, ഈ ജനതയുടെ ജീവിതത്തിെൻറ സമസ്ത മേഖലയിലും ഇസ്രായേൽ ജൂതവംശജർക്ക് സവിശേഷാധികാരം നൽകാൻ ഇസ്രായേൽ ഭരണകൂടം നടപടികൾ എടുക്കുന്നു.'' ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ 213 പേജ് വരുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി അറബികളെ ഭവനരഹിതരാക്കുന്നു, തടവിലിടുന്നു, നിർബന്ധപൂർവം വേർപെടുത്തുന്നു, അടിച്ചമർത്തുന്നു. ''ഫലസ്തീനികൾ ആയതിെൻറ പേരിൽ, ജൂതവംശജരല്ലാത്തതിെൻറ പേരിൽ ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ അടിസ്ഥാന അവകാശങ്ങൾ നിരസിക്കപ്പെടുന്നത് വെറും അധിനിവേശം മാത്രമല്ല, അപാർത്തീഡ് കൂടിയാണ്'' -ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ കെന്നത്ത് റോത്ത് വിശദീകരിക്കുന്നു.
ഇസ്രായേൽ നിർബാധം തുടരുന്ന അപാർത്തീഡും അടിച്ചമർത്തലും അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനോടുള്ള ബന്ധം പുനഃപരിശോധിക്കണമെന്നും കൂട്ടിച്ചേർക്കുന്നു.
ഫലസ്തീനിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ നീക്കം; ഹമാസിനെ ഒഴിവാക്കാനെന്ന് സൂചന
ജറൂസലം: കിഴക്കൻ ജറൂസലമിലെ ഫലസ്തീനികൾക്ക് വോട്ടുചെയ്യാൻ ഇസ്രായേൽ അനുമതി നൽകുന്നിെല്ലങ്കിൽ മേയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ഫലസ്തീൻ അതോറിറ്റി. ഈ തീരുമാനം വഴി, 15 വർഷമായി നടക്കാതിരുന്ന തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിവെക്കാൻ ഇസ്രായേലിന് അവസരം കൈവരും. ഒപ്പം, തെരഞ്ഞെടുപ്പിനെ നേരിടാൻ കെൽപില്ലാത്ത വിധം ക്ഷയിച്ച തെൻറ ഫത്താഹ് പാർട്ടിക്ക് അധികാരം നഷ്ടമാകാതെ നോക്കാൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് കഴിയുകയും ചെയ്യും. ഹമാസിന് മേൽക്കൈ ഉണ്ടാവുമെന്ന് നിരീക്ഷപ്പെടുന്ന സാഹചര്യത്തിലാണ് റദ്ദാക്കാൻ നീക്കം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഹമാസിനെ ഒഴിവാക്കിയുള്ള ഐക്യ സർക്കാറാണ് ഇവരുടെ ലക്ഷ്യമെന്നും വാർത്തയുണ്ട്. ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തെയും ഉദ്ധരിച്ചാണ്, തെരഞ്ഞെടുപ്പ് റദ്ദാക്കാൻ നീക്കം നടക്കുന്നുവെന്ന വിവരം വാർത്ത വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.