അൽ ശാതി അഭയാർഥി ക്യാമ്പിലും തൂഫയിലും ഇസ്രായേൽ ആക്രമണം; 42 മരണം
text_fieldsശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങൾ പൂർണമായും തകർന്നു. നിരവധിപേർ അശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഗസ്സയുടെ വടക്കൻ ഭാഗം നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്ന ഇസ്രായേൽ സൈന്യം പ്രദേശങ്ങളിൽ വീണ്ടും ആക്രമണം നടത്തുകയാണ്.
ഗസ്സ തുറമുഖത്ത് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് മീൻപിടിത്തക്കാർക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ പട്ടണത്തിൽ പീരങ്കി ആക്രമണവുമുണ്ടായി.
അതിനിടെ, ജനിനിൽ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യത്തിന്റെ കവചിത വാഹനത്തിൽ കെട്ടിയിട്ട് കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവിനെ മനുഷ്യകവചമായി സൈന്യം ഉപയോഗിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
രാമല്ലയിൽ ഇസ്രായേൽ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ബാലൻ മരിച്ചു. അമാരി അഭയാർഥി ക്യാമ്പിലെ പരിശോധനക്കിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. ഒരാഴ്ചക്കിടെ പട്ടണിമൂലം മരിച്ച കുട്ടികളുടെ എണ്ണം നാലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പൗരനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. കാൽകിയ ടൗണിലാണ് സംഭവം. നേരത്തെ രണ്ടു ഫലസ്തീനികളെ ഇവിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ലബനാനിൽ പടിഞ്ഞാറൻ ബെക്ക ജില്ലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനീസ് പൗരൻ മരിച്ചു. ഹമാസിനും ഇസ്ലാമിക് ജിഹാദിനും ആയുധങ്ങൾ നൽകുന്ന അയ്മൻ ഖത്മേഹിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 37,551 ആയി. 85,911 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.