ഇസ്രായേൽ ആക്രമണം: വെടിനിർത്തലില്ലാതെ ആന്‍റണി ബ്ലിങ്കൻ മടങ്ങി
text_fieldsഅങ്കാറ: ഗസ്സക്കുമേൽ ഇസ്രായേൽ ചൊരിയുന്ന മഹാനാശം അവസാനിപ്പിക്കുന്നതിൽ തെല്ലും നീക്കുപോക്കില്ലാതെ പശ്ചിമേഷ്യയിൽ മൂന്നാം തവണയും പര്യടനം അവസാനിപ്പിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി. ഇസ്രായേൽ, ജോർഡൻ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, സൈപ്രസ്, ഇറാഖ് എന്നിവിടങ്ങളിലും അവസാനം തുർക്കിയയിലുമെത്തിയാണ് ബ്ലിങ്കന്റെ മടക്കം. ഗസ്സ പട്ടണം വളഞ്ഞ് ഹമാസുമായി നേരിട്ടുള്ള പോരാട്ടത്തിന് ഇസ്രായേൽ കരസേന തയാറെടുക്കുന്നതിനിടെയാണ് പ്രത്യേകിച്ചൊന്നും നേടാനാകാതെ പര്യടനം പൂർത്തിയാകുന്നത്.
സിവിലിയന്മാർക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടവേളകൾ വേണമെന്നും അതിനായി ഇസ്രായേലുമായി ചർച്ചയിലാണെന്നും തുർക്കിയയിൽ നിന്ന് മടങ്ങും മുമ്പ് ബ്ലിങ്കൻ പറഞ്ഞു. പ്രസിഡന്റ് ഉർദുഗാനു പകരം തുർക്കി പ്രധാനമന്ത്രി ഹകൻ ഫിദനുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഈ സമയം, തുർക്കിയ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ ഫലസ്തീൻ പതാകകളുമേന്തി വൻ ജനക്കൂട്ടം പ്രകടനം നടത്തി. ദക്ഷിണ തുർക്കിയയിലെ അമേരിക്കൻ വ്യോമതാവളത്തിൽ കടന്നുകയറാനും ജനം ശ്രമിച്ചത് സംഘർഷമുണ്ടാക്കി. മേഖലയിൽ ഇസ്രായേലൊഴികെ ബ്ലിങ്കനുമായി സംസാരിച്ച എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും ബ്ലിങ്കൻ വഴങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.