ഗസ്സ കമാൽ അദ്‌വാൻ ആശുപത്രി ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് കഹ്‌ലൂത്തിനെ ഇസ്രായേൽ കൊലപ്പെടുത്തി
text_fieldsഗസ്സ: വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് അൽ കഹ്‌ലൂത്തിനെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി. ആശുപത്രി ഗേറ്റിലൂടെ കടക്കുമ്പോൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗസ്സയിൽ ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെയാണ് ഡോ. അഹ്മദ് അൽ കഹ്‌ലൂത്തിനെ വധിച്ചിരിക്കുന്നത്.
ആരോഗ്യസംവിധാനങ്ങൾ പാടെ തകർത്ത വടക്കൻ ഗസ്സയിൽ പേരിനെങ്കിലും പ്രവർത്തിക്കുന്ന മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് കമാൽ അദ്‌വാൻ ആശുപത്രി. ഇവിടുത്തെ ഭൂരിഭാഗം ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ സൈന്യം പിടികൂടുകയോ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടുണ്ട്.
ഗസ്സയിലെ ആശുപത്രികൾ ഹമാസിന്‍റെ താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. അഹ്മദ് അൽ കഹ്‌ലൂത്ത് പറയുന്നതായ വിഡിയോ കഴിഞ്ഞ വർഷം ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ, സൈന്യം ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പറയിപ്പിച്ചതാണ് ഇക്കാര്യമെന്ന് ഡോ. അഹ്മദ് അൽ കഹ്‌ലൂത്ത് പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇന്നലെ മാത്രം കുറഞ്ഞത് 42 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ കൊലപ്പെടുത്തിയത്. സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പ് മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് 24 പേരെ കൊലപ്പെടുത്തിയത്. ബൈത്ത് ലാഹിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു വീട്ടിലെ 10 പേരെയും കൊലപ്പെടുത്തി. വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലുമായാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് തുടരുന്നതെന്നാണ് ഇസ്രായേൽ സൈന്യം ആവർത്തിച്ച് പറയുന്നത്. നുസൈറത്ത് ക്യാമ്പിന്‍റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വ്യാഴാഴ്ച ഇസ്രായേൽ സൈനിക ടാങ്കുകൾ പ്രവേശിച്ചിരുന്നു. ഇസ്രായേൽ സൈന്യത്തിന്‍റെ സാന്നിധ്യം കാരണം തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പോലും സഹായിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് പറഞ്ഞു.
ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,300 പിന്നിട്ടു. 1,04,933 പേർക്കാണ് പരിക്കേറ്റത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.