ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം: 40 പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഫലസ്തീന്റെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയായ ഖാൻ യൂനിസിലെ അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി ചൊവ്വാഴ്ച അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകർന്നിട്ടുണ്ട്. ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
കൂടാതെ ക്യാമ്പിനുള്ളിൽ 30 അടി താഴ്ചയുള്ള വൻഗർത്തം രൂപപ്പെടുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഖാൻ യൂനിസിലെ അൽ-മവാസി പ്രദേശത്താണ് കനത്ത ആക്രമണം നടന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികൾ അവിടെ അഭയം തേടിയിരുന്നതായി ഗസ്സ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ-മുഗൈർ ചൊവ്വാഴ്ച എ.എഫ്.പിയോട് പറഞ്ഞു.
40 മൃതശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ക്യാമ്പിൽ ഉള്ളവർക്ക് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഉപകരണങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുകയാണ്. 20 മുതൽ 40 വരെ കൂടാരങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബാസൽ പ്രസ്താവനയിൽ പറഞ്ഞു. ബോംബാക്രമണത്തിൽ ചില കുടുംബങ്ങൾ പൂർണമായും മണലിനടിയിൽ അപ്രത്യക്ഷമായതായും റിപ്പോർട്ടുണ്ട്.
ഖാൻ യൂനിസിലെ ക്യാമ്പിനുള്ളിൽ പ്രധാനപ്പെട്ട ഹമാസ് ഭീകരരെ തങ്ങളുടെ വിമാനം ആക്രമിച്ചതായി ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഹമാസ് സാന്നിധ്യം ഫലസ്തീൻ അധികൃതർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.