ഗസ്സയിൽ സ്കൂളിന് മുകളിൽ വീണ്ടും ഇസ്രായേൽ ബോംബിട്ടു; 28 മരണം
text_fieldsദൈർ അൽബലഹ്: ഗസ്സ മുനമ്പിൽ അഭയാർഥികൾ കഴിയുന്ന സ്കൂളിന് മുകളിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്ന് അഞ്ച് കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സ്ത്രീകളും കുട്ടികളും മരണത്തിന്റെ വക്കിലാണെന്ന് പ്രാദേശിക എമർജൻസി യൂനിറ്റ് തലവനായ ഫാരിസ് അബൂ ഹംസ പറഞ്ഞു. ജബലിയയിലെ അബൂ ഹുസൈൻ സ്കൂളിലായിരുന്നു ആക്രമണം. ഹമാസ്, ഇസ്ലാമിക് ജിഹാദ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ഉത്തര ഗസ്സയിലെ പ്രധാനപ്പെട്ട അഭയാർഥി ക്യാമ്പുകളിലൊന്നാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അബൂ ഹുസൈൻ സ്കൂൾ.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ട നിരവധി പേരെ ഇപ്പോഴും സിവിൽ ഡിഫൻസിന് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തെ തുടർന്നുണ്ടായ തീയണക്കാൻപോലും വെള്ളമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മെദത്ത് അബ്ബാസ് പറഞ്ഞു. കഴിഞ്ഞ 13 ദിവസമായി തുടർച്ചയായി അധിനിവേശ സേന കനത്ത ആക്രമണം തുടരുന്നതിനാൽ ജബലിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 42,438 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 99,246 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ലബനാനിൽ മധ്യ ബൈറൂത്തിലെ കെട്ടിടത്തിൽനിന്ന് അൽജസീറ ചാനൽ ഓഫിസും നോർവേ എംബസിയും ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങളും പട്ടണങ്ങളും നഗരങ്ങളും ഗ്രാമങ്ങളും മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാൻ ഇസ്രായേൽ ഉത്തരവിട്ടതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.