വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയിലും ബോംബിട്ട് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: വടക്കൻ ഗസ്സയിലെ നാലു ലക്ഷം ഫലസ്തീനികൾക്കായി അവശേഷിച്ച അവസാന ആതുരാലയമായ കമാൽ അദ്വാൻ ആശുപത്രിക്കു നേരെയും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ ക്രൂരത. കുരുന്നുകളടക്കമുള്ളവർക്ക് ഓക്സിജനും കുടിവെള്ളവും മുടക്കിയാണ് വെള്ളിയാഴ്ച പുലർച്ച രണ്ടുമണിയോടെ ബയ്ത് ലാഹിയയിലെ ആശുപത്രിയിലേക്ക് വ്യോമാക്രമണം തുടങ്ങിയത്.
ആശുപത്രി മുറ്റത്തും കെട്ടിടങ്ങളിലും കനത്ത ബോംബിങ് തുടരുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് അറിയിച്ചു. മെഡിക്കൽ ഓക്സിജൻ ജനറേറ്റർ തകർത്തതിനെ തുടർന്ന് ഇൻക്യുബേറ്ററും ഐ.സി.യുവും മുടങ്ങി കുട്ടികൾ മരണത്തിന് കീഴടങ്ങി.
ബോംബിങ്ങിനുപിറകെ ഇസ്രായേൽ സൈന്യം ആശുപത്രിയിലെത്തി ഐ.സി.യുവിലുള്ള രോഗികളോടടക്കം മുറ്റത്തിറങ്ങാൻ ആവശ്യപ്പെട്ടു. അകത്തുള്ളവരെ ക്രൂരമർദനത്തിനിരയാക്കി. പുരുഷന്മാരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വടക്കൻ ഗസ്സയിലെ മറ്റു രണ്ട് ആശുപത്രികളായ ഇന്തോനേഷ്യൻ ആശുപത്രിയും അൽഔദ ആശുപത്രിയും ദിവസങ്ങളായി പ്രവർത്തനരഹിതമാണ്.
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ജബാലിയയിൽ ഒരുഭാഗത്തെ ഡസനിലേറെ കെട്ടിടങ്ങളാണ് വ്യാഴാഴ്ച രാത്രിയോടെ പൂർണമായി ഇടിച്ചുനിരത്തിയത്. 150ഓളം പേർ ഇവിടെ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ബയ്ത് ലാഹിയയിൽ വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിലും സമാന കൂട്ടക്കൊല തുടരുകയാണ്.
ഖാൻ യൂനുസിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന വ്യോമാക്രമണങ്ങളിൽ 14 കുരുന്നുകളടക്കം 38 പേർ കൊല്ലപ്പെട്ടു. കനത്ത ആക്രമണം തുടരുന്ന ലബനാനിൽ മൂന്ന് മാധ്യമ പ്രവർത്തകരെ ഇസ്രായേൽ സേന വധിച്ചു. തെക്കൻ ലബനാനിലെ ഹസബിയ്യയിൽ ഗെസ്റ്റ് ഹൗസിൽ ഉറങ്ങിക്കിടക്കെയായിരുന്നു ഇവർക്കുനേരെ ആക്രമണം. അൽമയാദീൻ ടി.വിയിലെ രണ്ടുപേരും അൽമനാർ ടി.വിയുടെ ഒരാളുമാണ് കൊല്ലപ്പെട്ടത്.
തെക്കൻ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. 24 സൈനികർക്ക് പരിക്കേറ്റതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ലബനാനിൽ ഇസ്രായേൽ സ്ഥിരീകരിച്ച സൈനികരുടെ മരണം 10 ആയി. ചർച്ചകൾക്കായി മേഖലയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെടിനിർത്തൽ ആവശ്യപ്പെടാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.