സിറിയയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
text_fieldsമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു. റെസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറാന്‍റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഹുജ്ജത്തുല്ല ഒമിദ്‍വാർ, അലി അഗസാദിഹ്, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമിൻ സമദി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാലു നില കെട്ടിടം പൂർണമായി തകർന്നു. ഏതാനും സിറിയക്കാരും കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
‘ഇസ്രായേൽ ഭീകരാക്രമണം’ എന്നാണ് ആക്രമണത്തെ ഇറാൻ ദേശീയ ടെലിവിഷൻ വിശേഷിപ്പിച്ചത്. എന്നാൽ, രാഷ്ട്ര നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. മൂസവിയുടെ കൊലപാതകത്തിന് പ്രതികാരമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് ശേഷം ഇസ്രായേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.