ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 53 പേർകൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 53 പേർ. ബൈത് ലാഹിയ, നുസൈറാത്ത് അഭയാർഥി ക്യാമ്പ്, ഖിർബെത് അൽ അദാസ് പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഗസ്സയുടെ മധ്യമേഖലയിലും തെക്കൻ നഗരമായ ഖാൻ യൂനുസിലും തുടർച്ചയായ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
ഖാൻ യൂനുസിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഒന്നും അവശേഷിക്കാത്ത വിധമാണ് നാശനഷ്ടങ്ങൾ. നുസൈറാത്ത് അഭയാർഥി ക്യാമ്പിനെ ലക്ഷ്യംവെച്ച് നിരവധി തവണ ആക്രമണങ്ങൾ ഉണ്ടായി.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിനു ശേഷം, ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ 41,495 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. കാഫെൽ ഹാരിസ്, ഇസ്കാക്ക, ബുർഖിൻ പട്ടണങ്ങളിൽനിന്ന് ഉൾപ്പെടെ നിരവധി ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇസ്രായേലിനെതിരെ ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെ ഇക്കുറി നെതന്യാഹു എന്താണ് പറയുന്നതെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ഇസ്രായേലിൽനിന്ന് അയച്ച 88 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഏറ്റെടുത്തില്ല
ഗസ്സ സിറ്റി: ഇസ്രായേലിൽനിന്ന് അയച്ച 88 ഫലസ്തീനികളുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വിസമ്മതിച്ചു.
കണ്ടെയ്നറിൽ അയച്ചത് ആരുടെ മൃതദേഹങ്ങളാണെന്ന് വ്യക്തമാക്കുകയോ മരണം എപ്പോഴായിരുന്നുവെന്ന് പറയുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഏറ്റെടുക്കാതിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവർ എങ്ങനെയാണ് ഇസ്രായേലിൽ എത്തിയതെന്നോ ഫലസ്തീനിൽ എവിടെയുള്ളവരാണെന്നോ ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഗസ്സയിൽനിന്ന് പിടികൂടിയ നിരവധി ഫലസ്തീനികൾ ഇപ്പോഴും ഇസ്രായേലിൽ തടവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.