വെടിനിർത്തൽ ചർച്ചക്കിടെ ഗസ്സയിൽ കനത്ത ആക്രമണം; 77 മരണം
text_fieldsഗസ്സ: വെടിനിർത്തൽ ചർച്ച ഖത്തറിലെ ദോഹയിൽ പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ഇസ്രായേൽ കനത്തആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവർ 77 ആയി. സെൻട്രൽ ഗസ്സയിലെ നുസൈറാത്, സുവൈദ, മഗാസി, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിലെ ആക്രമണത്തിൽ ഡസനിലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.
ഇസ്രായേൽ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച മവാസിയിലാണ് വ്യാഴാഴ്ച ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടത്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 45,581 ആയി. 1,08,438 പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രായേലിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ ആക്രമണം തുടരുകയാണ്. വെടിനിർത്തൽ ചർച്ചക്കായി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്, ആഭ്യന്തര സുരക്ഷ ഏജൻസി ഷിൻബെത്, സൈന്യം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സംഘം ദോഹയിലെത്തിയിട്ടുണ്ട്. 42 ദിവസം വീതമുള്ള മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് മുന്നിലുള്ളത്. ഹമാസ് ഇത് അംഗീകരിച്ചു. ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു. ചർച്ചയിൽ നേരിയ പുരോഗതിയുള്ളതായാണ് മധ്യസ്ഥ രാഷ്ട്രങ്ങളായ ഖത്തറും ഈജിപ്തും പറയുന്നത്.
അതിനിടെ, ഇസ്രായേൽ സൈന്യം വെടിനിർത്തൽ ധാരണകൾ ലംഘിക്കുന്നതായി ലബനീസ് സൈന്യം ആരോപിച്ചു. ദക്ഷിണ ലബനാനിൽ ഇസ്രായേൽ സൈന്യം വ്യാഴാഴ്ച രാത്രി ആക്രമണം നടത്തി.
വെടിനിർത്തൽ നിർദേശം
ആദ്യഘട്ടം (42 ദിവസം)
- താൽക്കാലിക വെടിനിർത്തൽ
- ഇസ്രായേൽ സൈന്യം കിഴക്കൻ ഭാഗത്തേക്ക് പിൻവാങ്ങും
- മാനുഷിക സഹായ പ്രവാഹം അനുവദിക്കും
- ദിവസവും 10 മണിക്കൂർ നേരത്തേക്ക് ഇസ്രായേൽ വിമാനവും ഡ്രോണും ഗസ്സക്ക് മുകളിൽ പറക്കില്ല
- വനിതകളും രോഗികളും സാധാരണക്കാരുമായ 33 ബന്ദികളെ ഹമാസ് വിട്ടയക്കും.
- ഓരോ സാധാരണക്കാരനായ ബന്ദിക്കും പകരം 30 ഫലസ്തീനികളെയും ഓരോ വനിത സൈനികർക്ക് പകരം 50 പേരെയും ഇസ്രായേൽ വിട്ടയക്കും
- ഗസ്സ പുനർനിർമാണം ആരംഭിക്കും. 60,000 താൽക്കാലിക ഭവനങ്ങളും 2,00,000 തമ്പുകളും നിർമിക്കാൻ അനുവദിക്കും
രണ്ടാംഘട്ടം (42 ദിവസം)
- ഗസ്സയിൽ സൈനികാക്രമണം പൂർണമായി നിർത്തും. സൈന്യം പൂർണമായി പിൻവാങ്ങും
- ബന്ദികളെയും ഫലസ്തീനി തടവുകാരെയും പരസ്പരം മോചിപ്പിക്കും
മൂന്നാംഘട്ടം
- ബന്ദിമോചനം പൂർണമാക്കും
- .മൂന്നുമുതൽ അഞ്ചുവർഷം വരെ ദൈർഘ്യം കണക്കാക്കുന്ന പുനർനിർമാണം ആരംഭിക്കും
- ഗസ്സ ഉപരോധം പൂർണമായി നീക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.