ഗസ്സയിൽ മൃതദേഹങ്ങളോടും ഇസ്രായേൽ ക്രൂരത; ചവിട്ടി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsവെസ്റ്റ് ബാങ്ക്: ഗസ്സയിൽ നിരവധി സാധാരണക്കാരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്ന ഇസ്രായേൽ സേന, ഫലസ്തീനികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവ് കാണിക്കുന്നതായി റിപ്പോർട്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ഉത്തര മേഖലയിൽനിന്നാണ് ഇസ്രായേൽ സേനയുടെ ക്രൂരതയുടെ നേർചിത്രങ്ങൾ പുറത്തുവന്നത്.
ഖബാതിയ ടൗണിലെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് മൃതദേഹങ്ങൾ മൂന്ന് ഇസ്രായേൽ സൈനികർ ചവിട്ടി താഴേക്കിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി പുറത്തുവിട്ടു. ഒരു മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം മേൽക്കൂരയിൽനിന്ന് വലിച്ചെറിയുകയും മറ്റൊരു മൃതദേഹത്തിന്റെ കൈ പിടിച്ചുയർത്തി മേൽക്കൂരയുടെ അറ്റത്തേക്ക് എറിഞ്ഞ ശേഷം തള്ളിയിടുകയുമായിരുന്നു. മൂന്നാമത്തെ മൃതദേഹം കാലുകൊണ്ട് ചവിട്ടി കൊണ്ടുവന്ന് താഴെയിടുന്നതായും ദൃശ്യങ്ങളിലുണ്ട്.
ഗസ്സ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായല്ല അധിനിവേശ സൈനികർ ലോക മനസ്സാക്ഷിയെ നാണിപ്പിക്കുംവിധം നിയമലംഘനം നടത്തുന്നത്. ഇത് ഗൗരവമേറിയ സംഭവമാണെന്നും ഇസ്രായേൽ പ്രതിരോധ സേനയുടെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും സൈനികരിൽനിന്ന് പ്രതീക്ഷിച്ചതല്ലെന്നും സേന പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഖബാതിയ ടൗണിൽ നടത്തിയ ആക്രമണത്തിൽ നാല് പോരാളികളെ കൊലപ്പെടുത്തിയതായും സേന അവകാശപ്പെട്ടു. എന്നാൽ, നാലുപേർ കൊല്ലപ്പെട്ട വിവരം ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ചു.
ഫലസ്തീൻ മൃതദേഹങ്ങളോട് സൈന്യം പെരുമാറുന്നതിന്റെ ഒരു ക്രൂരമായ രീതിയാണിതെന്ന് ഫലസ്തീൻ സന്നദ്ധ സംഘടനയായ അൽ ഹഖ് ഡയറക്ടർ ഷവാൻ ജബറിൻ പറഞ്ഞു. ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി സൈനികരെ ശിക്ഷിക്കാൻ ഇസ്രായേൽ തയാറാവാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.