വെസ്റ്റ് ബാങ്കിൽ ഇസ്രായേലി അഴിഞ്ഞാട്ടം; വീടുകളും വാഹനങ്ങളും കത്തിച്ചു, ഒരു മരണം
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം. നബുലസിലും പരിസരപ്രദേശങ്ങളിലുമാണ് അക്രമ പരമ്പര അരങ്ങേറിയത്. 30ലേറെ കാറുകളും വീടുകളും തീയിട്ടു. നിരവധി ഫലസ്തീനികൾ മർദനത്തിനിരയായി.
ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ അധികൃതർ പറഞ്ഞു. 98 പേർക്ക് ചികിത്സ നൽകിയതായി ഫലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു. വെടിയേറ്റും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റുമാണ് ആളുകൾക്ക് പരിക്കേറ്റത്. ടിയർ ഗ്യാസ് ശ്വസിച്ചും പലരും ചികിത്സ തേടി. ചെറുത്തുനിന്ന ഫലസ്തീനികളുടെ കല്ലേറിൽ ഏതാനും ഇസ്രായേൽ പൗരന്മാർക്കും പരിക്കേറ്റു. ശനിയാഴ്ച രണ്ട് ഇസ്രായേൽ പൗരന്മാർ വെടിയേറ്റ് മരിച്ചതിന്റെ പ്രതികാരമായാണ് അക്രമപരമ്പര അഴിച്ചുവിട്ടത്.
തൊട്ടുമുമ്പത്തെ ദിവസം 11ഫലസ്തീനികളെ ഇസ്രായേൽ സേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദയയില്ലാതെ പ്രതിഷേധിക്കണമെന്ന് ഇസ്രായേൽ മന്ത്രിസഭാംഗം ആവശ്യപ്പെട്ടതിന് പിറകെയാണ് വെസ്റ്റ് ബാങ്കിലെ അക്രമം ആരംഭിച്ചത്. യു.എസ്, ഈജിപ്ത് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ജോർഡനിൽ ഇസ്രായേൽ -ഫലസ്തീൻ സമാധാന ചർച്ച നടന്നിരുന്നു.
ജോർഡൻ സമാധാന ചർച്ച ആത്മാർഥതയില്ലാത്തതാണെന്നും ഫലസ്തീനികൾക്കെതിരായ അക്രമവും അനധികൃത കുടിയേറ്റവും നിർത്താതെ ചർച്ച കൊണ്ട് കാര്യമില്ലെന്ന് ഗസ്സ ഭരിക്കുന്ന ഹമാസ് വ്യക്തമാക്കി. ‘കുടിയേറ്റം നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ജോർഡൻ ചർച്ചക്കു ശേഷം ട്വീറ്റ് ചെയ്തു. പിന്നെ എന്തു സമാധാനമാണ് അവർ ഉദ്ദേശിക്കുന്നത്’ -ഹമാസ് വക്താവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.