ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിന്‍റെ ഉത്തരവാദിത്തമേറ്റ് ഇസ്രായേൽ
text_fieldsതെൽ അവിവ്: ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായിരുന്ന ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിന്‍റെ ഉത്തരവാദിത്തമേറ്റ് ഇസ്രായേൽ. പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സാണ് ആദ്യമായി ഇക്കാര്യം സമ്മതിച്ചത്. ഹനിയ്യ കൊല്ലപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴാണ് ഇസ്രായേൽ കൊലപാതകമേറ്റെടുക്കുന്നത്.
'തെഹ്റാനിലും ഗസ്സയിലും ലെബനോനിലുമായി ഇസ്മാഈൽ ഹനിയ്യയോടും യഹ്യ സിൻവാറിനോടും ഹസൻ നസ്റുല്ലയോടും ഞങ്ങൾ ചെയ്തത് ഹൊദെയ്ദായിലും സനായിലും ചെയ്യും' -ഹൂതി നേതാക്കളെയും വധിക്കുമെന്ന മുന്നറിയിപ്പോടെ ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. 'ഹൂതി ഭീകരർ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിടുമ്പോൾ അവർക്ക് വ്യക്തമായ ഒരു സന്ദേശം ഞാൻ നൽകുകയാണ്. ഹമാസിനെ ഞങ്ങൾ പരാജയപ്പെടുത്തി. ഹിസ്ബുല്ലയെ ഞങ്ങൾ പരാജയപ്പെടുത്തി. ഇറാന്‍റെ പ്രതിരോധ സംവിധാനത്തെയും നിർമാണ സംവിധാനങ്ങളെയും തകർത്തു. സിറിയയിൽ അസദ് ഭരണകൂടത്തെ മറിച്ചിട്ടു. തിന്മയുടെ അച്ചുതണ്ടിന് കനത്ത പ്രഹരം ഏൽപ്പിച്ചു. അവസാനം ബാക്കിയുള്ള യെമനിലെ ഹൂതി ഭീകരർക്കും ഞങ്ങൾ കനത്ത പ്രഹരം നൽകും' -സൈനിക ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ജൂലൈ 31നാണ് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെച്ച് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ വധിച്ചത്. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വധം. ഹനിയ്യ താമസിച്ച വീടിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ഏപ്രിലിൽ ഇസ്മാഈൽ ഹനിയ്യയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഗസ്സയിൽ ഇസ്രായേൽ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.