ഗസ്സയിൽ 38 പേർ കൂടി കൊല്ലപ്പെട്ടു: ഒഴിഞ്ഞുപോകാൻ വീണ്ടും ഇസ്രായേൽ നിർദേശം
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേലിെന്റ മുന്നറിയിപ്പ്. സെയ്തൂൻ, തെൽ അൽ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. ഈ മേഖലയിൽനിന്ന് ഇസ്രായേലിന് നേർക്കുണ്ടായ റോക്കറ്റാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് സൈന്യം അറിയിച്ചു. ജനങ്ങളോട് തെക്ക് ഭാഗത്തേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.
അതിനിടെ, 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 38 പേർ കൂടി കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 18ന് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത് മുതൽ 1,42,000 ഫലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടതായി യു.എൻ ജീവകാരുണ്യ ഏജൻസിയായ ഒ.സി.എച്ച്.എ പറഞ്ഞു. അതേസമയം, ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നില്ലെങ്കിൽ ഗസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഭീഷണിമുഴക്കി. ബന്ദികളെ വിട്ടയക്കാൻ വൈകുംതോറും തിരിച്ചടിയും അതിശക്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗസ്സ യുദ്ധത്തിനെതിരായ പ്രതിഷേധ പ്രകടനത്തിൽ ഹമാസിനെതിരെ ചിലർ മുദ്രാവാക്യം മുഴക്കി. ബൈത് ലാഹിയയിൽ നടന്ന നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധത്തിലാണ് ചിലർ ‘ഹമാസ് പുറത്ത് പോവുക’ എന്ന മുദ്രാവാക്യം മുഴക്കിയത്. അതേസമയം ഇവിടത്തെ കുടുംബങ്ങളിലെ മുതിർന്നവർ ഇസ്രായേലിനെതിരായ സായുധപോരാട്ടത്തെ പിന്തുണച്ച് രംഗത്തെത്തി. കരിങ്കാലിപ്പണിയെടുക്കുന്നവരെ തള്ളിക്കളയുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.