അഭയാർഥി ക്യാമ്പിലും ഇസ്രായേൽ കുരുതി: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; ഗസ്സയിൽ ഇന്ന് 77 മരണം
text_fieldsതൂൽകർമ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിലടക്കം അതിക്രമിച്ച് കടന്ന് ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം ഏഴായി. വെസ്റ്റ്ബാങ്കിലെ തൂൽകർമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ നാലുപേരെയും തൂൽകർമ് ടൗൺ, ബുദ്രസ് ടൗൺ, ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഒരോരുത്തരെ വീതവുമാണ് വധിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റാമല്ലയുടെ പടിഞ്ഞാറ് ബുദ്രസ് പട്ടണത്തിൽ 32 കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ നെഞ്ചിൽ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർഥി ക്യാമ്പിൽ കൊല്ലപ്പെട്ട 17കാരന്റെയും തൂൽകർമിലെ 16 വയസ്സുകാരന്റെയും തലക്കാണ് വെടിയേറ്റതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 76 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 13 ദിവസമായി ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 3,790 കവിഞ്ഞു. 12,000ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളാണ്.
വ്യാഴാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 44 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ബോംബാക്രമണത്തിൽ തകർന്ന വീടിനുള്ളിൽ ഏഴ് കുട്ടികളുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫായിലുണ്ടായ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഖാൻ യൂനിസിൽ മാത്രം 11 പാർപ്പിട സമുച്ചയങ്ങൾ തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.