ശിറീൻ അബു ആഖിലയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക് നേരെ ഇസ്രായേൽ അതിക്രമം -വിഡിയോ
text_fieldsജെറൂസലേം: ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയ അൽ ജസീറ റിപ്പോർട്ടർ ശിറീൻ അബു ആഖിലയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് നേരെ അതിക്രമം. ഇസ്രയേൽ സൈനികരാണ് വിലാപയാത്രക്ക് നേരെ അതിക്രമം നടത്തിയത്. നിരവധി പേർക്ക് മർദനമേറ്റു. ശവമഞ്ചമേന്തിയവരെ പോലും സൈനികർ മർദിച്ചു.
സെന്റ് ലൂയിസ് ഫ്രഞ്ച് ആശുപത്രിയിൽ നിന്ന് കിഴക്കൻ ജറൂസലേമിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത. വിലാപയാത്രയിൽ നൂറുകണക്കിനാളുകളാണ് കാൽനടയായി പങ്കെടുത്തത്. ജനങ്ങൾ അനുഗമിക്കുന്നതിനെതിരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം.
വിലാപയാത്രയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്നും ഫലസ്തീൻ പതാകകൾ ഉയർത്തുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ചെയ്യരുതെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
എന്നാൽ നൂറുകണക്കിന് പേർ ഫലസ്തീൻ പതാകയുമേന്തി വിലാപയാത്രയിൽ പങ്കെടുത്തു. ഇതോടെ ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അൽ ജസീറ മാധ്യമപ്രവർത്തക ശിറീൻ അബു ആഖില (51) ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. വെസ്റ്റ്ബാങ്കിലെ ജനീൻ പട്ടണത്തിൽ ഇസ്രായേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. തലക്ക് വെടിയേറ്റ ശിറീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അൽ ജസീറയുടെ തന്നെ മറ്റൊരു മാധ്യമപ്രവർത്തകൻ അലി സമൂദിക്കും വെടിയേറ്റിരുന്നു.
(ശിറീൻ അബു ആഖില)
ശിറീൻ അബു ആഖിലയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയർന്നത്. അതിനിടെയാണ് ഇവരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് നേരെയും ഇസ്രായേൽ സൈന്യം അതിക്രമം നടത്തിയത്.
ശിറീൻ അബു ആഖിലക്ക് ലോകത്തിന്റെ പ്രണാമം
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ട അൽ ജസീറ റിപ്പോർട്ടർ ശിറീൻ അബു ആഖിലക്ക് കണ്ണീരണിഞ്ഞ യാത്രാമൊഴി. ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ കൊടും ക്രൂരതകളെ കുറിച്ചുള്ള പൊള്ളുന്ന യാഥാർഥ്യങ്ങൾ ശിറീൻ ലോകത്തെ അറിയിച്ചു. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപഴകാനാണ് മാധ്യമപ്രവർത്തകയായതെന്ന് മുമ്പ് ശിറീൻ പറഞ്ഞിരുന്നു.
ഫലസ്തീൻ നഗരമായ റാമല്ലയിൽ നടന്ന അനുസ്മരണചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ശിറീന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഇസ്രായേലിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. കുറ്റവാളികളെ ശിക്ഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഇൻതിഫാദയുടെ കാലത്ത് ശിറീൻ റിപ്പോർട്ട് ചെയ്ത വാർത്തകൾ ഫലസ്തീനികൾ ഓർത്തെടുത്തു. അവരുടെ മരണം ഫലസ്തീനികളുടെ മുഖത്തടിച്ച പോലെയായെന്ന് മാധ്യമ വിദ്യാർഥി അസ്ഹർ ഖലാഫ് പറഞ്ഞു. സത്യത്തിന്റെയും നീതിയുടെയും ശബ്ദമായിരുന്നു അവർ...ഫലസ്തീനികളുടെ വേദനകളെ കുറിച്ച് ശിറീൻ ലോകത്തെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് മോഡലും ബിംബവുമായിരുന്നു ശിറീൻ എന്ന് ബിർസീത് യൂനിവേഴ്സിറ്റി വിദ്യാർഥി അഭിപ്രായപ്പെട്ടു.
കൊലപാതകത്തെ കുറിച്ച് കുറ്റമറ്റ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് ഉറപ്പുനൽകി. ഇതുസംബന്ധിച്ച് യു.എസ്-ഫലസ്തീൻ അധികൃതരുമായി ബന്ധപ്പെട്ടതായും ഗാന്റ്സ് പറഞ്ഞു. മരണത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അനുശോചിച്ചു. ശിറീന്റെ മരണം മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ കളങ്കമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രതികരിച്ചു. ഇസ്രായേൽ മാധ്യമപ്രവർത്തകർ അപൂർവമായി കടന്നുചെല്ലുന്ന മേഖലകളിലെത്തി വാർത്തകൾ ശേഖരിച്ച ശിറീൻ ധീരയായ പത്രപ്രവർത്തകയാണെന്ന് ഹാരെറ്റ്സ് പത്രത്തിലെ കോളമിസ്റ്റ് ഗിഡിയോൺ ലെവി അനുശോചിച്ചു. ഖബറക്കം ജറൂസലമിൽ ഇന്നുനടക്കും. യു.എസ് പൗരത്വമുള്ള ശിറീൻ പതിവായി അമേരിക്കയിലെത്തുമായിരുന്നു. കിഴക്കൻ ജറൂസലമിലും വെസ്റ്റ്ബാങ്കിലുമായാണ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.