അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ രഹസ്യ റെയ്ഡ്; മൂന്നു ഫലസ്തീനികളെ വെടിവെച്ച് കൊന്നു
text_fieldsവെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ രഹസ്യ റെയ്ഡിൽ ഫലസ്തീൻ അതോറിറ്റിയുടെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേരെ വെടിവെച്ച് കൊന്നു. ഒരാൾക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലാണ് ഇസ്രായേൽ സൈനിക സംഘം രഹസ്യ റെയ്ഡ് നടത്തിയത്.
ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആദം യാസർ അലവി (23), തയ്‌സീർ ഇസ്സ (32), ജമിൽ അൽ അമുരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി വഫാ റിപ്പോർട്ട് ചെയ്തു. ഗുരുതര പരിക്കേറ്റ പലസ്തീൻ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ ബസോറിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയ്ഡിൽ വിസാം അബു സൈദ് എന്ന ഫലസ്തീൻകാരനെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തെ ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. "അപകടകരമായ ഇസ്രായേലി അധിനിവേശ"മെന്നാണ് മഹ്മൂദ് അബ്ബാസ് സംഭവത്തെ വിശേഷിപ്പിച്ചത്. റെയ്ഡിനിടെ ഫലസ്തീനികളായി വേഷം മാറിയെത്തിയ ഇസ്രായേൽ പ്രത്യേക സേനാംഗങ്ങളാണ് മൂന്നു പേരെയും കൊലപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹവും അമേരിക്കയും ഇടപെടണമെന്ന് ഫലസ്തീൻ പ്രസിഡന്‍റിന്‍റെ വക്താവ് നബിൽ അബു റുദൈന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.