വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന
text_fieldsറാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സേന. 17 വയസ്സുള്ള അഹ്മദ് മുഹമ്മദ് ദാരാഗ്മീഹ്, മഹ്മൂദ് അസ്സൂസ് എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്. ശനിയാഴ്ചയോടെ ക്യാമ്പിലെത്തിയ ഇസ്രായേൽ സേന ഒരു വീട് വളയുകയായിരുന്നു. ഇവിടെയാണ് രണ്ടു കൗമാരക്കാരെ വെടിവെച്ചുകൊന്നത്.
വീടിനു മുന്നിൽ നിന്ന പിതാവിനും മകൾക്കും മേൽ വാഹനം ഇടിച്ചുകയറ്റിയതായും ഫലസ്തീനിലെ വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്. ക്യാമ്പിൽ ഇസ്രായേൽ റെയ്ഡുകളും മരണവും പതിവാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മാത്രം ഈ വർഷം ഇതുവരെ 114 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നിലൊന്നും ജെനിനിലാണ്.
സൈനിക റെയ്ഡുകൾക്ക് പുറമെ വ്യോമാക്രമണവും മേഖലയുടെ ഉറക്കം കെടുത്തുന്നതായി ഫലസ്തീൻ അതോറിറ്റി പറഞ്ഞു.കഴിഞ്ഞ ദിവസം രണ്ടു കൗമാരക്കാരെ സമാനമായി വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന വെടിവെച്ചുകൊന്നിരുന്നു. 20 ഓളം കുട്ടികളെ ഈ വർഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കൊലപ്പെടുത്തിയതായി യു.എൻ കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.