ഗസ്സ: 4000 തടവുകാരെ ആദ്യഘട്ടത്തിൽ വിട്ടയക്കുമെന്ന് ഇസ്രായേലി മാധ്യമങ്ങൾ; മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തലിന് നീക്കം
text_fieldsതെൽഅവീവ്: ഗസ്സയിൽ ഘട്ടംഘട്ടമായുള്ള വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 35-40 ഇസ്രായേലി ബന്ദികൾക്ക് പകരം 4000 ഫലസ്തീനി തടവുകാരെ വിട്ടയക്കാനാണ് തീരുമാനമെന്ന് അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.
ആദ്യ ഘട്ടത്തിൽ 45 ദിവസത്തേക്ക് വെടിനിർത്തലിനാണ് ഇസ്രായേൽ ഒരുക്കം അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ഒരു ബന്ദിയെ വിട്ടയച്ചാൽ പകരം 100 ഫലസ്തീനി തടവുകാരെ മോചിപ്പിക്കും. ഇതുപ്രകാരം 40ഓളം ബന്ദികൾക്ക് പകരം ഏകദേശം 4,000 ഫലസ്തീനികൾ ജന്മനാട്ടിലെത്തും. ഇതിന്റെ അവസാന നാളുകളിൽ ചർച്ചയിലൂടെ രണ്ടാം ഘട്ടം സംബന്ധിച്ചുള്ള തീരുമാനത്തിന് അന്തിമരൂപം നൽകും. ഈ ഘട്ടത്തിൽ, ഹമാസിന്റെ പിടിയിലുള്ള ഇസ്രായേൽ സൈനികരെയും പുരുഷ ബന്ദികളെയും ആയിരക്കണക്കിന് ഫലസ്തീൻ തടവുകാർക്ക് പകരമായി വിട്ടയക്കാനാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. മൂന്നാം ഘട്ടത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ മൃതദേഹങ്ങൾ കൈമാറണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നതെന്നും മാധ്യമങ്ങൾ പറയുന്നു.
അതിനിടെ, ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുകയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് ഫലസ്തീൻ സുരക്ഷാ തടവുകാരെ മോചിപ്പിക്കുകയില്ലെന്നും നെതന്യാഹു പറഞ്ഞതായി ഇസ്രായേൽ ടി.വി റിപ്പോർട്ട് ചെയ്തു. “ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളാക്കിയ എല്ലാവരെയും തിരികെ എത്തിക്കുക, ഗസ്സ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാതെ ഈ യുദ്ധം ഞങ്ങൾ അവസാനിപ്പിക്കില്ല’ -നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.