ഗസ്സയിൽ ഇസ്രായേൽ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
text_fieldsതെൽഅവീവ്: വടക്കൻ ഗസ്സ മുനമ്പിൽ തിങ്കളാഴ്ച നടന്ന സൈനികനീക്കത്തിനിടെ ഇസ്രായേൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) കൊല്ലപ്പെട്ടു.
ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) കമാൻഡറുടെ മരണം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യത്തിലെ റിസർവ് സൈനിക കമാൻഡറാണ് ഇദ്ദേഹം. ചെങ്കടൽ റിസോർട്ട് നഗരത്തെ ഹമാസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ എലൈറ്റ് സ്ക്വാഡായ ലോട്ടർ എലാറ്റ് യൂനിറ്റിന്റെ ഭാഗമായി ഗസ്സയിലായിരുന്നു കമാൻഡറുടെ ജോലി.
പ്രദേശത്തെ ഹമാസ് സ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കമാൻഡറുടെ മരണം. മിസൈൽ ആക്രമണത്തിൽ ടാങ്കിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്ന് ഐ.ഡി.എഫ് അറിയിച്ചു. വടക്കൻ ഗസ്സ നഗരമായ ജബാലിയയിൽ ഇസ്രായേൽ റെയ്ഡിനിടെ ടാങ്ക് വേധ മിസൈൽ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി സൈന്യം പറഞ്ഞു.
എന്നാൽ, ആരാണ് ആക്രമണം നടത്തിയതെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. അതിനിടെ, 2023 ഒക്ടോബർ ഏഴിന് ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 783 ആയതായി ഇസ്രായേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.