യഹിയ സിൻവാറിനെ ടണലിൽ കണ്ടെത്തിയെന്ന് ഇസ്രായേൽ; ദൃശ്യം പുറത്തുവിട്ടു -VIDEO
text_fieldsതെൽഅവീവ്: ഗസ്സയിലെ ഹമാസ് നേതാവ് യഹിയ സിൻവാറിനെ ഭൂഗർഭ തുരങ്കത്തിൽ കണ്ടെത്തിയെന്ന അവകാശവുമായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). യഹിയ സിൻവാർ കുടുംബത്തോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ തുരങ്കത്തിലൂടെ നടന്നു നീങ്ങുന്നുവെന്ന പേരിലുള്ള വിഡിയോ ഐ.ഡി.എഫ് ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുറത്തുവിട്ടു.
മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഒരു യുവാവും മുതിർന്ന ഒരാളുമാണ് വിഡിയോയിൽ കാണുന്നത്. ഇതിൽ യുവാവിന്റെ മുഖം മാത്രമാണ് കാണിക്കുന്നത്. മുതിർന്നയാൾ യഹിയ സിൻവാറാണെന്നാണ് ഇസ്രായേൽ അവകാശവാദം. ഇദ്ദേഹം നടന്നുനീങ്ങുന്നതിന്റെ പിന്നിൽനിന്നുള്ള ദൃശ്യമാണ് ഇതിലുള്ളത്.
ഭീരുവിനെപ്പോലെ സിൻവാർ ഓടുന്നുവെന്ന അടിക്കുറിപ്പോടെ ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി ഈ ദൃശ്യം പങ്കുവെച്ചു. ‘സമയം കടം വാങ്ങിയാണ് സിൻവാർ കഴിയുന്നതെന്ന് ദൃശ്യങ്ങൾ കാണിക്കുന്നു’ എന്നും ഹഗാരി പറഞ്ഞു.
കുടുംബാംഗങ്ങൾക്കും മറ്റ് മുതിർന്ന ഹമാസ് അംഗങ്ങൾക്കും ഒപ്പം സിൻവാർ താമസിച്ച ഭൂഗർഭ കേന്ദ്രം എന്ന അവകാശവാദവുമായി ഏതാനും ദൃശ്യങ്ങളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. സിൻവാർ ഉപേക്ഷിച്ചതെന്ന പേരിൽ നോട്ടുകെട്ടുകളും ഇവർ കാണിച്ചു. ഇസ്രായേലി സൈന്യം ടണൽ അടച്ചതോടെ ഇവർ ഇവിടം ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഐ.ഡി.എഫ് പറയുന്നത്.
“യഹ്‌യ സിൻവാർ മറ്റ് മുതിർന്ന ഹമാസ് പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്ന അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ ഞങ്ങൾ എത്തി. മുകളിൽ യുദ്ധം നടക്കുമ്പോൾ അവർ താഴെ ഒളിക്കുകയായിരുന്നു” ഹഗാരി പറഞ്ഞു. “മുതിർന്ന ഹമാസ് പ്രവർത്തകർ നല്ല സാഹചര്യത്തിലാണ് അണ്ടർഗ്രൗണ്ട് കോമ്പൗണ്ടിൽ കഴിയുന്നത്. അവർക്ക് ഭക്ഷണവും കുളിമുറിയും ഉണ്ട്. കൂടാതെ ദശലക്ഷക്കണക്കിന് ഇസ്രായേലി ഷെക്കൽസും ഡോളറും വ്യക്തിഗത സമ്പത്തും ഉണ്ട്’ - ഹഗാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.