കുരുതിക്കളമായി അൽശിഫ ആശുപത്രി; 50ലേറെ പേരെ കൊന്നതായി ഇസ്രായേൽ
text_fieldsഗസ്സ: ചികിത്സതേടിയെത്തിയവരും അഭയംപ്രാപിച്ചവരുമായ 30000ഓളം പേർ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. ആശുപത്രിക്കുള്ളിൽ 50 ലേറെ പേരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അധിനിവേശ സേന അറിയിച്ചു. എന്നാൽ, മരണസംഖ്യ ഇതിലുമേറെ വരുമെന്നാണ് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോഴും ആശുപത്രിക്കുള്ളിൽ തന്നെ തുടരുന്ന ഇസ്രായേൽ സൈന്യം അരുംകൊല തുടരുകയാണ്. ആരോഗ്യപ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180 പേരെ ഇസ്രായേൽ പിടികൂടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിടുന്നത്. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് അൽശിഫ ആശുപത്രി ഇസ്രായേൽ ആക്രമിക്കുന്നത്.
അതിനിടെ, ഇന്നലെ ആശുപത്രിയിൽനിന്ന് ഇസ്രായേൽ സേന അന്യായമായി പിടികൂടിയ അൽജസീറ ലേഖകൻ ഇസ്മായിൽ അൽ-ഗൗലിനെ 12 മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇസ്രായേൽ സൈന്യം ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
അൽ ജസീറ റിപ്പോർട്ടറെ ഇസ്രായേൽ സൈന്യം വലിച്ചിഴച്ചതായും ആശുപത്രി കോമ്പൗണ്ടിലുണ്ടായിരുന്ന വാർത്താ സംപ്രേക്ഷണ വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന മുറിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും കണ്ണുമൂടിക്കെട്ടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.