ഗസ്സ ജൂതകുടിയേറ്റക്കാർക്ക് നൽകണമെന്ന് ഇസ്രായേൽ മന്ത്രി
text_fieldsതെൽഅവീവ്: പതിനായിരങ്ങളെ കൊന്നുതള്ളി വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കടുത്ത ആവശ്യമുയർത്തി നെതന്യാഹു മന്ത്രിസഭയിലെ അംഗം. യുദ്ധം പൂർത്തിയാകുന്നതോടെ ഗസ്സ മുനമ്പ് ജൂത കുടിയേറ്റക്കാർക്ക് തിരിച്ചുനൽകണമെന്നും ഇവിടെ വസിച്ചുവരുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികളെ പലായനത്തിന് നിർബന്ധിക്കണമെന്നും ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആവശ്യപ്പെട്ടു.
‘‘സുരക്ഷ ഉറപ്പാക്കാൻ പ്രദേശം നാംതന്നെ നിയന്ത്രിക്കണം. സൈനികമായി ദീർഘകാല നിയന്ത്രണം നിലനിർത്താൻ പ്രദേശത്ത് സിവിലിയൻ സാന്നിധ്യമുണ്ടാകണം’’ -മന്ത്രി റേഡിയോ അഭിമുഖത്തിൽ പറഞ്ഞു. നെതന്യാഹു സർക്കാർ ഔദ്യോഗികമായി ഇതുവരെയും സമാന പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ മുമ്പും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഗസ്സയിലെ 23 ലക്ഷം ഫലസ്തീനികളെയും അയൽരാജ്യങ്ങൾ ഏറ്റെടുക്കുകയോ ഈജിപ്തിലെ സീനായ് മരുഭൂമിയിൽ ബഫർസോൺ സൃഷ്ടിച്ച് അവിടെ കുടിയിരുത്തുകയോ വേണമെന്ന പദ്ധതിയും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് ജനതയെ പുറത്താക്കുന്നത് അംഗീകരിക്കില്ലെന്ന് ഈജിപ്തും ജോർഡനുമടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
1967ൽ ഗസ്സ അധിനിവേശം നടത്തിയ ശേഷം കുടിയേറ്റം വ്യാപിപ്പിച്ച ഇസ്രായേൽ കടുത്ത സമ്മർദങ്ങൾക്കൊടുവിൽ 2005ൽ കുടിയേറ്റക്കാരെ തിരിച്ചയച്ച് പൂർണമായി ഫലസ്തീനികൾക്ക് നൽകിയിരുന്നു. താമസം അനുവദിച്ചെങ്കിലും ഗസ്സയുടെ പൂർണ അധികാരം ഇസ്രായേൽതന്നെ കൈയിൽവെച്ചതായിരുന്നു. രാജ്യാന്തര ചട്ടങ്ങൾ പ്രകാരം ഫലസ്തീനിലെ അധിനിവിഷ്ട ഭൂമിയിലെ എല്ലാ ജൂത കുടിയേറ്റങ്ങളും നിയമവിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.