‘മകളോട് നിങ്ങൾ കാണിച്ച സ്നേഹത്തിന് നന്ദി, അവൾ ഗസ്സയിലെ രാജകുമാരി ആയിരുന്നു’ -ഹമാസിന് നന്ദി പറഞ്ഞ് ഇസ്രായേലി മാതാവിന്റെ കത്ത്
text_fieldsഗസ്സ സിറ്റി: ‘എന്റെ മകളോട് നിങ്ങൾ കാണിച്ച കളങ്കമില്ലാത്ത സ്നേഹത്തിന് നന്ദി. നിങ്ങൾ അവളെ മകളെപ്പോലെ കണ്ടു. എല്ലാവരും അവളുടെ കൂട്ടുകാരായി’ - ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസിന് ഇസ്രായേലി വനിതയായ ഡാനിയേൽ അലോനി എഴുതിയ കത്തിലെ വരികളാണിത്.
ഒക്ടോബർ ഏഴിന് ഡാനിയേൽ അലോനിയെയും അഞ്ചു വയസ്സുകാരിയായ മകൾ എമിലിയയെയും ഹമാസ് ബന്ദികളാക്കിയിരുന്നു. തുടർന്ന് 49 ദിവസത്തിന് ശേഷം ഇരുവരെയും ഹമാസ് മോചിപ്പിച്ചു. വർഷങ്ങളോളം ഇസ്രായേൽ തടവറയിലാക്കിയ ഫലസ്തീനി കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഇസ്രായേൽ മോചിപ്പിച്ചതിന് പകരമായാണ് ഇവരെ ഹമാസ് വിട്ടയച്ചത്.
ഇസ്രായേലും ഹമാസും തമിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഡാനിയേൽ അലോനിയും മകളും നവംബർ 24ന് മോചിതരായത്.
ഗസ്സ വിടുന്നതിനു മുൻപ് ഹമാസിന് നന്ദി പറഞ്ഞുകൊണ്ട് ഹൃദയത്തിൽ തൊടുന്ന കത്ത് എഴുതി വെച്ചാണ് അമ്മ മടങ്ങിയതെന്ന് വാർത്താ ചാനലായ ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു. ഹീബ്രു ഭാഷയിൽ കൈ കൊണ്ട് എഴുതിയ കത്ത് ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് പുറത്തു വിട്ടത്. ഇതോടൊപ്പം അറബി വിവർത്തനവും ഖസ്സാം നൽകിയിട്ടുണ്ട്.
‘എന്റെ മകളായ എമിലിയയോട് നിങ്ങൾ കാണിച്ച കളങ്കമില്ലാത്ത സ്നേഹത്തിന് നന്ദി. നിങ്ങൾ അവളെ മകളെപ്പോലെ കണ്ടു. നിങ്ങളെല്ലാം അവളുടെ കൂട്ടുകാരായി മാറി. ഒറ്റപ്പെട്ടു എന്ന തോന്നൽ പോലും അവളിലുണ്ടാക്കിയില്ല. നിങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നില്ല. നല്ല യഥാർഥ സ്നേഹിതരും കൂടിയായിരുന്നു.. നന്ദി നിങ്ങൾ അവൾക്കായി ചെലവഴിച്ച മണിക്കൂറുകൾക്ക്...അവളോട് ക്ഷമയോടെ പെരുമാറിയതിനും ലഭ്യമായ മധുരപലഹാരങ്ങളും പഴങ്ങളും നൽകി അവളെ സന്തോഷിപ്പിച്ചതിനും നന്ദി.
കുട്ടികളെ ഒരിക്കലും ബന്ദികളാക്കരുത്. പക്ഷേ, എന്റെ മകളെ ഗസ്സയിലെ ഒരു രാജ്ഞിയെപ്പോലെയാണ് നിങ്ങൾ പരിചരിച്ചത്. നിങ്ങളുടെ നേതാക്കൾ പോലും അവളോട് സൗമ്യമായി പെരുമാറി. അവളോട് ദയയും അനുകമ്പയും കാണിക്കാത്ത ഒരാളെ പോലും ഞങ്ങൾ നിങ്ങൾക്കിടയിൽ കണ്ടുമുട്ടിയില്ല..
ഞാൻ എന്നും നിങ്ങളോടുള്ള നന്ദിയുടെ തടവുകാരിയായിരിക്കും, കാരണം എന്റെ മകൾ വിഷമത്തോടെയാണ് നിങ്ങളെ പിരിഞ്ഞുപോവുക.. അവൾ ഒരിക്കലും നിങ്ങളെ മറക്കുമെന്നും ഞാൻ കരുതുന്നില്ല.. നിങ്ങൾ സ്വയം നേരിടുന്ന അതിവിഷമകരമായ സാഹചര്യങ്ങൾക്കിടയിലും നിങ്ങൾ കാണിച്ച ദയക്ക്, ദയയോടെയുള്ള നിങ്ങളുടെ പ്രവൃത്തികൾക്ക് ഞാൻ നിങ്ങളോട് എങ്ങിനെ നന്ദി പറയും..!! എന്നും നമുക്ക് നല്ല സുഹൃത്തുക്കളാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിലെ കുഞ്ഞുങ്ങൾക്കും ആരോഗ്യവും ക്ഷേമവും നേരുന്നു ഞാൻ...’ എന്നാണ് കത്തിലുള്ളത്.
നവംബർ 24ന് ഹമാസ് വിട്ടയച്ച ഇസ്രായേലി ബന്ദികളുടെ കൂട്ടത്തിലാണ് ഡാനിയേലിയും എമിലിയയും ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.