ഇസ്രായേൽ കുടിയേറ്റക്കാരൻ ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നു
text_fieldsജറൂസലം: മാസങ്ങളായി തുടരുന്ന ഇസ്രായേൽ- ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നു. വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാരൻ ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നു. കഴിഞ്ഞ ദിവസം ഫലസ്തീൻകാരൻ ബസ് സ്റ്റോപ്പിലേക്ക് കാർ ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതായും ഇസ്രായേൽ ആരോപിച്ചു.
വടക്കൻ വെസ്റ്റ് ബാങ്കിലെ സാൽഫിത്ത് ഗ്രാമത്തിലാണ് മെദ്ഖൽ റയാൻ എന്ന ഫലസ്തീനി കർഷകനെ ഇസ്രായേലി കുടിയേറ്റക്കാരൻ വെടിവെച്ചുകൊന്നത്. ഇവിടെയുള്ള കർഷകർക്കു നേരെ പത്തു തവണയാണ് വെടിയുതിർത്തത്. റയാനെ സഹായിക്കാൻ എത്തിയവരെയും ആക്രമിച്ചു. കർഷകന്റെ ആടുകളെ മോഷ്ടിക്കാനാണ് ഇസ്രായേലി കുടിയേറ്റക്കാർ കൂട്ടത്തോടെ എത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനെ ചെറുത്തപ്പോഴാണ് വെടിയുതിർത്തത്. വെള്ളിയാഴ്ചയാണ് ഫലസ്തീൻകാരനായ ഹുസൈൻ ഖറാഖ കിഴക്കൻ ജറൂസലമിലെ ബസ്സ്റ്റോപ്പിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആഷെർ മെനാഹെം എന്ന എട്ടു വയസ്സുകാരൻ മരിച്ചത്.
ആഷെറിന്റെ ആറ് വയസ്സുകാരനായ സഹോദരനും മറ്റൊരു യുവാവും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഹുസൈനിനെ ഇസ്രായേൽ സൈന്യം സംഭവസ്ഥലത്ത് വെടിവെച്ചുകൊന്നിരുന്നു. ഇസ്രായേൽ സൈന്യം ഹുസൈനിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയും വീട് സീൽ ചെയ്യുകയും ചെയ്തു. അതേസമയം, 2008ൽ ഇസ്രായേൽ സൈന്യം ഹുസൈനിനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചതോടെ മാനസിക നില തകരാറിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണം നടത്തുന്നതിന് രണ്ടുദിവസം മുമ്പാണ് മാനസിക രോഗാശുപത്രിയിൽനിന്ന് വിട്ടയച്ചതെന്നും അമ്മാവൻ അദ്നാൻ ഖറാഖ പറഞ്ഞു. 2023ൽ 43 ദിവസത്തിനിടെ 45 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.
ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് അറബ് ലീഗ്
കൈറോ: ജറൂസലമിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് അറബ് ലീഗ്. ഫലസ്തീനികളുടെ വീടുകൾ തകർക്കുന്നതിനെയും ഇസ്രായേലി കുടിയേറ്റം വ്യാപിപ്പിക്കുന്നതിനെയും അറബ്- ഇസ്ലാമിക രാജ്യങ്ങളിലെ ഭരണകർത്താക്കൾ അപലപിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ജോർഡനിലെ രാജാവ് കിങ് അബ്ദുല്ല രണ്ടാമൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ അടക്കം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.