സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപവത്കരിച്ച് ഇസ്രായേൽ
text_fieldsടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും ചേർന്ന് യുദ്ധകാലത്തേക്ക് സംയുക്ത മന്ത്രിസഭ രൂപവത്കരിച്ചു. യുദ്ധത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യത്തിലാണ് മന്ത്രിസഭ രൂപവത്കരണം. നെതന്യാഹുവിനും ഗാൻസിനും പുറമേ പ്രതിരോധ മന്ത്രി യൊആവ് ഗാലൻഡും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. ഗാൻസിന്റെ നാഷണൽ യൂണിറ്റി പാർട്ടി ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
ഹമാസുമായി ഗസ്സയിൽ നടക്കുന്ന യുദ്ധമൊഴികെ മറ്റൊരു വിഷയവും സംയുക്ത മന്ത്രിസഭ പരിഗണിക്കില്ല. അതേസമയം, നെതന്യാഹുവിന്‍റെ നേതൃത്വത്തിലുളള നിലവിലുള്ള മന്ത്രിസഭക്ക് എന്ത് സംഭവിക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇസ്രായേൽ പ്രതിരോധ സേന മുൻ മേധാവി ഗാഡി യിസെൻകോറ്റും മന്ത്രി റോൺ ഡെർമറും മന്ത്രിസഭയുടെ നിരീക്ഷകരായിരിക്കും.
ഇസ്രായേൽ ഉപരോധം ശക്തമായതോടെ ഗസ്സയിലെ ഏക വൈദ്യുതിനിലയം പ്രവർത്തനം നിർത്തിയിരുന്നു. ഗസ്സക്ക് കുടിവെള്ളം പോലും തടഞ്ഞുകൊണ്ടുള്ള ഉപരോധമാണ് ഇസ്രായേൽ ഏർപ്പെടുത്തിയത്. ഗസ്സയിലേക്കുള്ള ഇന്ധനവിതരണവും നിർത്തിവെച്ചിരുന്നു. ഇതോടെയാണ് ഗസ്സയിലെ ഏക വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്താൻ അധികൃതർ നിർബന്ധിതരായത്. കടുത്ത പ്രതിസന്ധിയാണ് ഗസ്സയിലെ ജനങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.