ഇസ്രായേൽ പ്രധാനമന്ത്രി റഷ്യയിലെത്തി പുടിനെ കണ്ട് മടങ്ങി; യുക്രെയ്നിലെ ജൂതരുടെ സുരക്ഷയെക്കുറിച്ചും ചർച്ച, ഫലം വിലയിരുത്താനായിട്ടില്ലെന്ന് യുക്രെയ്ൻ
text_fieldsമോസ്കോ: യുക്രെയ്നിൽ മരണവും നാശവും വിതച്ച് റഷ്യ മുന്നേറുന്നതിനിടെ, അപ്രതീക്ഷിതമായി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ക്രെംലിനിൽ പുടിനുമായി മൂന്ന് മണിക്കൂർ നീണ്ട സംഭാഷണത്തിന് ശേഷം ശനിയാഴ്ച രാത്രി തന്നെ നഫ്താലി ഇസ്രായേലിലേക്ക് മടങ്ങി. യുക്രെയ്നിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇറാനുമായുള്ള ആണവ ബന്ധം സംബന്ധിച്ചും ഇരുവരും സംസാരിച്ചതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടുപേരും തമ്മിലുള്ള കൂടിക്കാഴ്ച യുദ്ധത്തിന് അയവ് വരുത്താൻ സഹായിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. റഷ്യയുമായും യുക്രെയ്നുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇസ്രായേലിന്റ ഇടപെടൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ. എന്നാൽ, സന്ദർശനത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളിൽനിന്ന് ഉയരുന്നത്.
പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുക്രെയിൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്‌കിയുമായി ബെന്നറ്റ് രണ്ടുതവണ ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രെയ്ൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും അദ്ദേഹം സംസാരിച്ചു. ബെന്നറ്റ് തന്നെ വിളിച്ചെന്നും സംഭാഷണം തുടരുമെന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്തു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ചർച്ച എത്രമാത്രം ഫലപ്രദമാകുമെന്ന് പറയാൻ സമയമായിട്ടില്ലെന്ന് യുക്രേനിയൻ പ്രസിഡന്റിന്റെ വക്താവ് സെർജി നിക്കിഫോറോവിനെ ഉദ്ധരിച്ച് വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സെലെൻസ്‌കിയുമായുള്ള ബെന്നറ്റിന്റെ ഫോൺ സംഭാഷണത്തിൽ പുതുതായി പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു."ബെന്നറ്റിൽ നിന്നോ പുടിനിൽ നിന്നോ വ്യക്തമായ സൂചന ലഭിക്കുന്നതുവരെ ഞങ്ങൾക്ക് മധ്യസ്ഥതയുടെ ഫലങ്ങൾ വിലയിരുത്താൻ കഴിയില്ല" -അദ്ദേഹം പറഞ്ഞു.
പുടിനുമായുള്ള ചർച്ചക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നേരെ ജർമ്മനിയിലേക്കാണ് പോയത്. ചാൻസലർ ഒലാഫ് ഷോൾസുമായി യുക്രെയ്ൻ -റഷ്യ യുദ്ധം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.