ശിറീൻ ആഖിലയുടെ വിലാപയാത്രക്കിടെ ഇസ്രായേൽ ആക്രമണം: വിമർശിച്ച് ലോകം
text_fieldsതെൽഅവീവ്: ശിറീൻ അബു ആഖിലയുടെ വിലാപയാത്രയിൽ പങ്കെടുത്ത ഫലസ്തീനികൾക്കു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പരക്കെ വിമർശനം. ആക്രമണം കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് യു.എന്നും യു.എസും പ്രതികരിച്ചു. സംഘർഷത്തെ യൂറോപ്യൻ യൂനിയനും അപലപിച്ചു.
വിലാപയാത്രയിൽ ഇസ്രായേൽ സൈന്യം നുഴഞ്ഞുകയറി അതിക്രമം നടത്തിയത് കടുത്ത വിഷമമുണ്ടാക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. സംഘർഷത്തിന്റെ ചിത്രങ്ങൾ ആകുലതയുണ്ടാക്കുന്നതാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയും സൂചിപ്പിച്ചു. സമാധാനപരമായി നടക്കേണ്ട ചടങ്ങുകൾ അലങ്കോലമാക്കപ്പെട്ടതിൽ ഖേദിക്കുന്നതായും അവർ പറഞ്ഞു.
ശിറീന്റെ വിലാപയാത്രക്കിടെ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തെ വിമർശിക്കുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് '' അതിന്റെ പൂർണ വിവരങ്ങൾ അറിയില്ലെന്നും അതേകുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത് എന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങളും അവകാശങ്ങളും കാറ്റിൽ പറത്തിയാണ് വിലാപയാത്രക്കിടെ ഇസ്രായേലിന്റെ നരനായാട്ടെന്ന് അൽ ജസീറ ആരോപിച്ചു.
റാമല്ലയിലെ സെന്റ് ജോസഫ് ആശുപത്രിയിൽ നിന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന ശിറീന്റെ മൃതദേഹത്തെ അനുഗമിക്കാനെത്തിയ ഫലസ്തീനികൾക്കു നേരെയാണ് ഇസ്രായേൽ സൈന്യം ഗ്രനേഡും ലാത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ശിറീന്റെ ജന്മദേശമായ മൗണ്ട് സീനയിലെ ഖബർസ്ഥാനിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ മൃതദേഹത്തിനൊപ്പം പതിനായിരങ്ങൾ അകമ്പടിയായെത്തി. ഇതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. മൃതദേഹപേടകം തകർക്കാൻ ശ്രമിച്ച സൈന്യം അതിനുമേൽ നാട്ടിയ ഫലസ്തീൻ പതാക നീക്കം ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 33 പേർക്ക് പരിക്കേറ്റു. അതിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തെ അപലപിച്ച് യു.എൻ
യുനൈറ്റഡ് നാഷൻസ്: ഫലസ്തീനികളുടെ ശബ്ദമായിരുന്ന അൽ ജസീറ മാധ്യമപ്രവർത്തക ശിറീൻ അബു ആഖിലയെ ഇസ്രായേൽ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിൽ അപലപിച്ച് യു.എൻ രക്ഷാസമിതി. കൊലപാതകത്തെ കുറിച്ച് സുതാര്യവും വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് യു.എൻ രക്ഷാസമിതി ആവശ്യപ്പെട്ടു. സംഘർഷമേഖലകളിൽ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും 15 അംഗ രക്ഷാസമിതി ആവശ്യപ്പെട്ടു.
സിവിലിയന്മാരെ പോലെ മാധ്യമപ്രവർത്തകരും സംരക്ഷിക്കപ്പെടേണ്ടവരാണ്. ശിറീന്റെ സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവവും രക്ഷാസമിതി വിമർശിച്ചു. അൽ ജസീറ ചാനലിനായി 25 വർഷമായി ജോലി ചെയ്തുവരുകയായിരുന്നു യു.എസ്-ഫലസ്തീൻ സ്വദേശിയായ ശിറീൻ. ബുധനാഴ്ചയാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ പൊലീസ് അവരെ വെടിവെച്ചു കൊലപ്പെടുത്തിയത്.
മാധ്യമപ്രവർത്തകരാണെന്ന് ഉറപ്പുണ്ടായിട്ടും ഇസ്രായേൽ പൊലീസ് ശിറീനും സുഹൃത്തിനും നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.