പതിറ്റാണ്ടിലധികം നീണ്ട അകൽച്ച കുറക്കാൻ ചുവടുകൾ; ഇസ്രായേൽ പ്രസിഡന്റ് തുർക്കിയിലേക്ക്
text_fieldsഅങ്കാറ: കലഹത്തിന്റെ മഞ്ഞുരുക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ് തുർക്കിയിലേക്ക്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്തംബൂളിലെ ജൂതസമൂഹവുമായും ചർച്ച നടത്തും. 14 വർഷത്തിനിടെ തുർക്കി സന്ദർശിക്കുന്ന ആദ്യ ഇസ്രായേൽ നേതാവാണ് ഹെർസോഗ്.
ഒരു കാലത്ത് തുർക്കിയും ഇസ്രായേലും അടുത്ത സഖ്യരാജ്യങ്ങളായിരുന്നു. ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ നയങ്ങൾ എതിർക്കുന്ന ഉർദുഗാൻ ഭരണത്തിലെത്തിയതോടെയാണ് ബന്ധം ഉലഞ്ഞത്. ഗസ്സ ഭരിക്കുന്ന ഹമാസിനെ പിന്തുണക്കുന്ന ഉർദുഗാന്റെ നിലപാടും ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ഹമാസിനെ തീവ്രവാദ സംഘമായാണ് ഇസ്രായേൽ കാണുന്നത്. 2010ൽ ഗസ്സയിലെ ഫലസ്തീനികൾക്ക് മാനുഷിക സഹായവുമായെത്തിയ ബോട്ട് ഇസ്രായേൽ സൈന്യം ആക്രമിക്കുകയും ഒമ്പത് തുർക്കിഷ് സന്നദ്ധപ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തു.
തുടർന്ന് ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു. 2018ൽ യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതോടെ ഇസ്രായേൽ-തുർക്കി ബന്ധം കൂടുതൽ വഷളായി. പ്രതിഷേധ സൂചകമായി തുർക്കി ഇസ്രായേലിൽനിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു. ഇസ്രായേലും അതേനാണയത്തിൽ തിരിച്ചടിച്ചു. അതിനു ശേഷം ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ നിയമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.