Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധിനിവേശ വെസ്റ്റ്...

അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നരനായാട്ട്

text_fields
bookmark_border
Israel Palestine Conflict
cancel

റാമല്ല: ഗസ്സയിൽ ഇന്നലെ രാത്രിയും ഇന്നുപുലർച്ചെയുമായി വ്യാപക കര, വ്യോമ, നാവിക ആക്രമണം നടക്കുന്നതിനി​ടെ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നരനായാട്ട്. ഇന്നലെ രാത്രി അൽ ജലാസോൺ അഭയാർഥി ക്യാമ്പിലടക്കം അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം നിരവധി പേ​രെ പിടിച്ചകൊണ്ടുപോയി. ബുൾഡോസറുമായാണ് സൈന്യം എത്തിയത്.

നിരവധി പേ​രെ കൊലപ്പെടുത്തിയതായും ധാരാളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ, ഗസ്സയിൽ നടന്ന കൂട്ടക്കുരുതിക്കെതിരെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾ വ്യാപകമായി പ്രതിഷേധിച്ചു. കനത്ത ബോംബാക്രമണത്തിൽ ആശയവിനിമയ സംവിധാനങ്ങൾ തകർന്ന് ഇരുട്ടിലായ ഗസ്സ മുനമ്പിനെ കുറിച്ച് കടുത്ത ആശങ്കയിലാണ് ഇവിടെയുള്ളവർ.

ഗസ്സയിൽ ഉള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തുസംഭവിച്ചു​വെന്ന് പോലും പുറംലോകത്തിന് അറിയാൻ കഴിയുന്നില്ല. ഇന്നലെ അർധരാത്രിയോടെയാണ് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചത്. ഇരച്ചെത്തിയ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വർഷിച്ച ബോംബുകൾ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തു. കര-വ്യോമ-കടൽ മാർഗങ്ങളിലൂടെ ആക്രമണം തുടർന്നു. വാർത്താവിനിമയ-ഇന്‍റർനെറ്റ് സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ പരിക്കേറ്റവരുടെ ലൊക്കേഷൻ പോലും സന്നദ്ധപ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാതായി. ചാമ്പലായ കെട്ടിടങ്ങളുടെയും കുന്നുകൂടിയ മൃതദേഹങ്ങളുടെയും നിലക്കാത്ത രോദനങ്ങളുടെയും നാടായി ഗസ്സ മാറി.

കരയുദ്ധത്തിന്‍റെ തുടക്കമെന്നോണമാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. അതേസമയം, യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭ പ്രമേയം പാസ്സാക്കി. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിർത്തി മാനുഷികമായ താൽപര്യങ്ങൾ മുൻനിർത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

അൽ ശിഫ ആശുപത്രി പരിസരത്തുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങൾക്ക് താഴെ ആയിരങ്ങൾ കുടുങ്ങിയതായും സംശയമുണ്ടെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. കനത്ത ബോംബാക്രമണത്തെത്തുടർന്ന് ഗസ്സയിലെ മൊബൈൽ ഫോൺ സേവനവും ഇന്‍റർനെറ്റും പ്രവർത്തന രഹിതമായതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജവ്വാൽ അറിയിച്ചു.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുപറയാനാകില്ലെന്ന് അന്താരാഷ്ട്ര ഏജൻസികളായ റോയിട്ടേഴ്സിനോടും എ.എഫ്.പിയോടും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

അതേസമയം, സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ പുതിയ ആശങ്ക ഉയർത്തുകയാണ്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക അയച്ച രണ്ടാം യുദ്ധക്കപ്പൽ മെഡിറ്ററേനിയനിൽ നങ്കൂരമിടാനിരിക്കെയാണ് സിറിയയുടെ കിഴക്കൻ മേഖലയിൽ രണ്ടിടത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഇറാൻ അനുകൂല മിലീഷ്യയുടെ ആയുധ സംഭരണ കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ വ്യക്തമാക്കി. ആളപായം സംബന്ധിച്ച വിവരങ്ങളില്ല. സംഭവത്തിന് ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധമില്ലെന്ന് യു.എസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bankIsrael Palestine Conflict
News Summary - Israeli raids continuing in the occupied West Bank
Next Story