ജറൂസലം ചർച്ചിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsജറൂസലം: അധിനിവേശ ജറുസലേമിലെ ക്രൈസ്തവ ദേവാലയമായ ഗെത്സെമനെ ചർച്ചിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം. സംഭവത്തിൽ രണ്ട് ഇസ്രായേലികളെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാമറിയത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ജറുസലേമിലെ ഗെത്സെമനെ പള്ളിയിൽ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് സംഭവം.
രാവിലെ പ്രാർഥനക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ചർച്ചിൽ അതിക്രമിച്ചുകയറിയവർ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചത്. ഇവരെ വിശ്വാസികൾ ചേർന്ന് ഉടൻതന്നെ കീഴ്പെടുത്തി പൊലീസിൽ ഏൽപിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. തെക്കൻ ഇസ്രായേലിൽ താമസിക്കുന്ന 27 കാരനാണ് അറസ്റ്റിലായവരിൽ ഒരാളെന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു.
ഇസ്രായേൽ കുടിയേറ്റക്കാർ ഈ വർഷമാദ്യം അധിനിവേശ ജറുസലേമിലെ ക്രിസ്ത്യൻ സെമിത്തേരി നശിപ്പിക്കുകയും കുരിശുകൾ തകർക്കുകയും 30 ലധികം ശവക്കല്ലറകൾ തകർക്കുകയും ചെയ്തിരുന്നു. ഇസ്രായേലി യാഥാസ്ഥികർ നടത്തുന്ന ഹീനമായ ഭീകരാക്രമണത്തെ അപലപിക്കുന്നതായി ജറുസലേമിലെ പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ പ്രസ്താവനയിൽ പറഞ്ഞു.
ക്രിസ്ത്യൻ പള്ളികൾ, സെമിത്തേരികൾ, സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ യാഥാസ്ഥിക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന തീവ്രവാദ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി പാത്രിയാർക്കീസ് അഭിപ്രായപ്പെട്ടു. യേശുക്രിസ്തുവിന്റെ കാലം മുതൽ വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട നഗരമാണ് ജറുസലം. ഇവിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരായ ശാരീരികാതിക്രമവും അധിക്ഷേപവും നിത്യസംഭവമായി മാറിയിട്ടുണ്ട്. ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ, സ്വത്തുക്കൾ, പൈതൃകം എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. സ്വതന്ത്രമായി ആരാധിക്കാനുള്ള മനുഷ്യാവകാശത്തെ മാനിക്കണം. വിശുദ്ധ ഭൂമിയിൽ ക്രിസ്ത്യാനികളുടെ നിലനിൽപ് അപകടത്തിലാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജറുസലേമിലെ കന്യാമറിയത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ദേവാലയത്തിന് നേരെയുണ്ടായ ഈ ആക്രമണം ന്യായീകരിക്കാൻ കഴിയാത്ത തീവ്രവാദ കുറ്റകൃത്യമാണ്. ഇസ്രയേലി തീവ്രവാദികളുടെ നിന്ദ്യമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ജറുസലേമിലെ ക്രിസ്ത്യാനികൾക്കും വിശുദ്ധ സ്ഥലങ്ങൾക്കും സുരക്ഷയും സംരക്ഷണവും നൽകാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും പാത്രിയാർക്കീസ് തിയോഫിലോസ് ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രസിഡൻഷ്യൽ കമ്മിറ്റി ഓഫ് ചർച്ച് അഫയേഴ്സ് അക്രമത്തെ അപലപിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരെയും ഇസ്‌ലാമിക, ക്രിസ്ത്യൻ വിശുദ്ധ സ്ഥലങ്ങൾക്ക് നേരെയും ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും സ്‌പോൺസർ ഇസ്രായേലി ഗവൺമെന്റാണെന്ന് കമ്മിറ്റി ചെയർമാൻ റംസി ഖൗരി വാർത്താകുറിപ്പിൽ പറഞ്ഞു.
ഫലസ്തീൻ ജനതയ്ക്കും ഇസ്‍ലാമിക, ക്രിസ്ത്യൻ വിശുദ്ധ സ്ഥലങ്ങൾക്കും സംരക്ഷണം നൽകാനും ഇസ്രായേൽ നടത്തുന്ന വംശീയവും തീവ്രവാദപരവുമായ എല്ലാ നടപടികളും അവസാനിപ്പിക്കാനും യുഎൻ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഖൗരി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.