ഇസ്രായേൽ സേന കുഞ്ഞുങ്ങളെ നെഞ്ചിലും തലയിലും വെടിവെച്ചു കൊല്ലുന്നതായി ജൂത ഡോക്ടർ
text_fieldsഗസ്സ: കുഞ്ഞുങ്ങളോടുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ കണ്ണിൽചോരയില്ലാത്ത ക്രൂരതക്ക് തെളിവുമായി അമേരിക്കൻ വംശജനായ ജൂത ഡോക്ടർ. ഈ വർഷം ഏപ്രിൽ -മേയ് മാസങ്ങളിൽ ഗസ്സയിൽ സന്നദ്ധസേവനം നടത്തിയ ഓർത്തോപീഡിക് സർജനും ഇൻറർനാഷണൽ കോളജ് ഓഫ് സർജൻസ് വൈസ് പ്രസിഡൻറുമായ മാർക്ക് പേൾമുട്ടറാണ് ഞെട്ടിക്കുന്ന ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇസ്രായേൽ അധിനിവേശ സ്‌നൈപ്പർമാർ ഗസ്സയിൽ കുട്ടികളെ നെഞ്ചിലും തലയിലും മനപൂർവം വെടിയുതിർത്ത് കൊല്ലുന്നതായി അദ്ദേഹം പറഞ്ഞു. സി.ബി.എസ് ന്യൂസ് ബ്രോഡ്‌കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. “നെഞ്ചിലും തലയിലും വെടിയേറ്റ നിലയിൽ എന്റെയടുത്ത് രണ്ട് കുഞ്ഞുങ്ങളെ കൊണ്ടുവന്നു. അവരുടെ ഫോട്ടോകൾ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വെടിയേറ്റ കുഞ്ഞിന്റെ നെഞ്ചിൽ എനിക്ക് സ്റ്റെതസ്കോപ്പ് കൃത്യമായി വെക്കാൻ കഴിഞ്ഞില്ല. അതേ കുട്ടിയുടെ തലക്കും വെടിയേറ്റിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച സ്‌നൈപ്പർ’ ഒരിക്കലും അബദ്ധത്തിൽ ഒരു കൊച്ചുകുട്ടിയെ രണ്ടുതവണ വെടിവെക്കില്ല. അവ കൊല്ലാനുദ്ദേശിച്ചുള്ള ഷോട്ടുകളാണ്” -ഡോ. മാർക്ക് പേൾമുട്ടർ പറഞ്ഞു.
ഗസ്സയിൽ അടുത്തിടെ സേവനമനുഷ്ടിച്ച 20ലധികം ഡോക്ടർമാരും കുട്ടികൾക്ക് വെടിയേറ്റതിന് തങ്ങൾ ദൃക്സാക്ഷ്യം വഹിച്ച കാര്യം പറഞ്ഞതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ‘ഇത്രയധികം കുട്ടികളെ തലയിൽ വെടിയേറ്റ മുറിവുകളോടെ ഒരൊറ്റ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല’ എന്ന് ചാനൽ ചർച്ചയിൽ അമേരിക്കൻ ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.